വെല്‍ഡണ്‍ ബെല്‍ജിയം
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ബെല്‍ജിയം ചെകുത്താന്‍മാരുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികള്‍ തലതാഴ്ത്തി. പരാജിതരുടെ പോരാട്ടത്തില്‍ ബെല്‍ജിയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തി റഷ്യന്‍ ലോകകപ്പിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
നാലാം മിനുട്ടില്‍ തോമസ് മ്യൂനിയറും 82ാം മിനുട്ടില്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടിയത്. ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസിനും പ്രതിരോധതാരം ആല്‍ദെര്‍വിറേള്‍ഡിനും വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ബെല്‍ജിയം ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇടതു വിങ്ങില്‍ കൂടി പന്തുമായി കുതിച്ച ചാഡ്‌ലി ഗോള്‍മുഖം ലക്ഷ്യംവച്ച് നല്‍കിയ പാസ് വലതുവിങ്ങില്‍ കൂടി ഓടിക്കയറിയ മധ്യനിര താരം മ്യൂനിയര്‍ ഒരു ഫസ്റ്റ്‌ടൈം ഷോട്ടിലൂടെ വലയിലാക്കി.
ലോകകപ്പില്‍ ഒരു ബെല്‍ജിയം താരം നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണിത് (3.37 മിനുട്ട്). തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ഇംഗ്ലണ്ട് ഒന്നു പതറിയെങ്കിലും പതിയെ താളം വീണ്ടെടുത്ത് മത്സരത്തിലേക്ക് തിരിച്ചുവന്നു. മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളംവാണു. ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡിന്റെ മികച്ച സേവുകളാണ് ഇംഗ്ലണ്ടിനെ ഒരു വലിയ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
23ാം മിനുട്ടില്‍ ഹാരി കെയ്‌നിന് ലഭിച്ച മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങാതിരുന്ന മ്യൂനിയര്‍ ഈ മത്സരത്തില്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും ഇംഗ്ലീഷ് സംഘം മികച്ച കളി തന്നെ പുറത്തെടുത്തു. പല തവണ ബെല്‍ജിയന്‍ പ്രതിരോധത്തേയും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനെയും പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഹാരി കെയ്‌നും ഡെലി അലിയും പല തവണ ബെല്‍ജിയം ബോക്‌സിലെത്തിയെങ്കിലും കുര്‍ട്ടോയിസ് രക്ഷകനാവുകയായിരുന്നു. ലൂക്കാക്കുവിനും ഹസാര്‍ഡിനും കെവിന്‍ ഡിബ്രൂയിനും നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."