കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിനെതിരേ കൊലവിളി: പൊലിസ് കേസെടുത്തു
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ സഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. ആര്.എസ്.എസ് പ്രവര്ത്തകന് കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജുവിനെതിരേയാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്. ഫൈസലിന്റെ മരണത്തോടെ ഇസ്ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ബൈജു ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ ഇവര്‍ നിസ്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ 'ഇനി ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നും, നിന്നെയും വീട്ടുകാരെയും വേരോടെ പിഴുതെറിയുമെന്നും' മൂത്ത മകനോട് ബൈജു വധ ഭീഷണി മുഴക്കിയതായി ഫൈസലിന്റെ സഹോദരിയും മകനും തിരൂരങ്ങാടി പൊലിസിന് പരാതി നല്‍കിയിരുന്നു.
ഫൈസല്‍ വധക്കേസിലെ മുഖ്യ പ്രതികളിലൊരാളും, ആര്.എസ്.എസ് പ്രവര്‍ത്തകനുമായ വിനോദിന്റെ മക്കളാണ് കുട്ടികള്‍. സംഭവശേഷം ഫൈസലിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ മക്കളും മൂത്ത സഹോദരിയുടെ ഭര്‍ത്താവുമടക്കം പത്തോളം പേര് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."