HOME
DETAILS
MAL
പാലത്തായി പീഡനക്കേസ് തുടരന്വേഷണം തുടങ്ങി
backup
July 26 2020 | 05:07 AM
സ്വന്തം ലേഖകന്‍
തലശ്ശേരി: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരായ കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന എ.എസ്.പി രേഷ്മാ രമേശ് എന്നിവരെ പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അന്വേഷണ വിവരങ്ങളുടെ ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്നു ആരോപണ വിധേയനായ ഐ.ജി എസ്. ശ്രീജിത്ത് തന്നെയാണ് അന്വേഷണ സംഘത്തലവന്.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നു പ്രോസിക്യൂഷന് തലശ്ശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പോക്സോ വകുപ്പ് ഒഴിവാക്കി ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നു കേസിലെ പ്രതിയും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പത്മരാജനു ജാമ്യം ലഭിച്ചിരുന്നു.
അതേസമയം കോടതി അനുവദിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു. അന്വേഷണസംഘത്തലവനായ ഐ.ജി എസ്. ശ്രീജിത്ത്, സംഘത്തിലുള്ള മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ്കുമാര്‍, എ.എസ്.പി രേഷ്മാ രമേശ് എന്നിവരുള്‍പ്പെട്ട സംഘം കഴിഞ്ഞ വെള്ളിയാഴ്ച ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും ബന്ധുക്കളെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സലിങ് ചെയ്യാനായി മൂന്നു വിദഗ്ധ കൗണ്‍സിലര്‍മാരെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടി പ്രാപ്തയായ ശേഷം കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."