കണ്ണീര്‍ച്ചാലൊഴുകിയ പുല്‍മൈതാനങ്ങള്‍
1930 ജൂലൈ 30 ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടെവിഡീയോ നാഷനല്‍ സ്റ്റേഡിയത്തിലെ പച്ചപ്പുല്‍മൈതാനത്ത് ആദ്യമായി ഫുട്‌ബോളിന്റെ പേരില്‍ കണ്ണുനീര്‍ വീണു. മൈതാനത്തിന്റെ ഒരുഭാഗത്ത് ആദ്യ ലോകകപ്പില്‍ ചാംപ്യന്‍മാരായ ഉറുഗ്വെയുടെ ആനന്ദക്കണ്ണീര്‍. മറ്റൊരിടത്ത് ആദ്യമായി നടത്തിയ ലോകകപ്പ് ഫൈനലില്‍ കിരീടം കൈവീട്ടതിന്റെ തീരാത്ത ദുഃഖത്തില്‍ അര്‍ജന്റീനക്കാരുടെ അണപൊട്ടിയൊഴുകിയ സങ്കടക്കണ്ണീര്‍.
പിന്നീടിങ്ങോട്ട് ഓരോ ലോകകപ്പ് ഫൈനല്‍ അവസാനിക്കുമ്പോഴും ഫൈനല്‍ വേദികള്‍ നാടകീയ രംഗങ്ങളുടെ ഇടമാണ്. ലോകകപ്പ് ഫൈനല്‍ വേദികള്‍ എന്നും കണ്ണീരിന്റെ കൂടി വേദികളാണ്. ഒരുഭാഗത്ത് സങ്കടത്തിന്റെ തോരാമഴ പെയ്യുമ്പോള്‍ മറുവശത്ത് ആനന്ദത്തിന്റെ കണ്ണീരില്‍ നൃത്തം ചവിട്ടുന്ന ടീമുകള്‍. പിന്നീട് ആ കണ്ണുനീരിന്റെ ഉപ്പുരസം ജീവിച്ചിരിക്കുന്ന കാലത്തോളം ആ താരങ്ങള്‍ രുചിച്ചുകൊണ്ടേയിരിക്കും. ഇന്ന് റഷ്യയിലെ ലുഷ്‌നിക്കിയില്‍ ആരുടെ കണ്ണീരാണ് വീഴുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ്. ചാംപ്യന്‍മാരേക്കാളേറെ കിരീടം നഷ്ടപ്പെട്ടവരേയാണ് നാം ഓര്‍ത്തിരിക്കേണ്ടത്. അര്‍ഹതപ്പെട്ടിരുന്നിട്ടും നിസാര പിഴവിന്റെ പേരില്‍ നഷ്ടമായ ലോകകിരീടം. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പും ലോകം ഓര്‍ക്കുന്നത് ഒരു നഷ്ടത്തിന്റെ കണക്കു ചേര്‍ത്താണ്. ഒരു കണ്ണുനീരിന്റെ കഥയുടെ ഓര്‍മയുമായിട്ടാണ്. ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ ചുണ്ടിനും സ്വപ്നത്തിനുമിടയില്‍ നിന്ന് കപ്പ് നഷ്ടപ്പെട്ടതിന്റെ വേദന ഫുട്‌ബോള്‍ ലോകം വേദനയോടെ കണ്ടു. അങ്ങനെ ഒരുപാട് ഹൃദയം പിളരുന്ന കാഴ്ചകള്‍.
1934ല്‍ ഇറ്റലിയില്‍ നടന്ന ലോകപ്പില്‍ ഇറ്റലിയോട് പരാജയപ്പെട്ട ചെക്കോസ്‌ലോവാക്യന്‍ താരങ്ങളുടെ കണ്ണീര്‍ ചാലിട്ടൊഴുകിയ മിലാന്‍ സ്‌റ്റേഡിയത്തിന്റെ ന നവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. 1938ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഫ്രാന്‍സ് ഇന്നും ആ ദുഃഖം മനസില്‍ സൂക്ഷിക്കുന്നു. തങ്ങളുടെ ടീം പരാജയപ്പെട്ട ജൂണ്‍ 19 ഇന്നും ഫ്രാന്‍സുകാര്‍ക്ക് നൊമ്പരപ്പെടുത്തുന്ന തിയതിയാണ്. 1950 ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഉറുഗ്വെയോട് തോറ്റ ബ്രസീലിന്റെ കണ്ണീര്‍ വീണ പുല്‍ത്തകിടിയില്‍ നിന്നായിരുന്നു പിന്നീട് ബ്രസീല്‍ ഫുട്‌ബോള്‍ നാമ്പിട്ടു വളര്‍ന്നത്. ഫുട്‌ബോള്‍ ലോകകപ്പെന്നാല്‍ നഷ്ടപ്പെട്ടവരുടെ കഥ ചേര്‍ന്നതാണ്. കിരീടം നേടിയവരുടെ ചരിത്രത്തോടൊപ്പം തന്നെ കിരീടം നഷ്ടപ്പെട്ടവരുടെ കൂടി ചരിത്രമാണ് ഫുട്‌ബോളിന്റേത്. ഇന്ന് റഷ്യയില്‍ പുതിയ രണ്ട് ചരിത്രങ്ങള്‍ പിറക്കുകയാണ്. ഒരു ടീം ചാംപ്യന്‍മാരെന്ന ചരിത്രം തിരുത്തും. ഒരു ടീം നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."