ലൂക്കാ മോഡ്രിച്ച്
നീളന്‍ മുടിയും നീലക്കണ്ണുകളുമുള്ള കുറിയ മനുഷ്യന്‍. ലൂക്കാ മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ നായകന് ഫുട്‌ബോള്‍ വെറുമൊരു കളിയല്ല. കാല്‍പന്തുകളി അതിജീവനമാണ്. ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബോള്‍ ഈ മാന്ത്രികന്റെ കൈകളിലെത്തുമോയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മാനാണ് ഗോള്‍ഡന്‍ ബോള്‍ മത്സരത്തില്‍ ലൂക്കായ്ക്ക് എതിരാളി. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ മുന്നില്‍ നിന്നു നയിച്ച നായകന്‍ ലൂക്കാ 63 കിലോ മീറ്ററാണ് കാല്‍പന്തുമായി ഇതിനകം പിന്നിട്ടത്. ഇതിഹാസങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത നേട്ടം.
റഷ്യയിലെ ലോകകപ്പ് മൈതാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ടത് ലൂക്കാ മോഡ്രിച്ച് മാത്രമാണ്. ക്രൊയേഷ്യയുടെ തന്നെ മധ്യനിരതാരം റാക്കിട്ടിച്ച് 62.9 കി.മീറ്ററും 62.7 കി.മീറ്റര്‍ പിന്നിട്ട ഫ്രഞ്ച് മധ്യനിരതാരം കാന്റെയുമാണ് ലൂക്കായ്ക്ക് പിന്നിലുള്ളത്. 604 മിനുട്ടാണ് ഇതുവരെ കാല്‍പന്തുകളിക്കാനായി ലൂക്കാ മൈതാനത്ത് ചിലവഴിച്ചത്. കൃത്യതയാര്‍ന്ന സെറ്റ് പീസുകള്‍ വിരിയിക്കുന്ന മോഡ്രിച്ചിന്റെ മാന്ത്രികാലുകള്‍ ലോകത്തെ കാല്‍പന്തു സ്‌നേഹികളുടെ ഹൃദയത്തെയാണ് തൊട്ടുണര്‍ത്തിയത്.
കാറ്റുനിറച്ച തുകല്‍ പന്തുമായി ലൂക്കാ പച്ചപുല്‍മൈതാനത്ത് മാന്ത്രികത തീര്‍ക്കുമ്പോള്‍, കടന്നു വന്ന വഴികളും അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളും ഏറെയാണ്. സെര്‍ബിയന്‍ തീവ്രവാദികള്‍ വെടിവെച്ചിട്ട മുത്തച്ഛന്റെ ചേതനയറ്റ ശരീരം ആറാം വയസില്‍ ഏറ്റുവാങ്ങേണ്ടി ഹതഭാഗ്യന്‍. യൂഗോസ്ലാവ്യയിലെ അഭയാര്‍ഥി ക്യാംപില്‍ നേരിടേണ്ടി വന്ന നരകതുല്യമായ ദുരിത ജീവിതം. ഫുട്‌ബോളിന്റെ ആകാശത്ത് നക്ഷത്രമായി ലൂക്കാ മോഡ്രിച്ച് വെട്ടിത്തിളങ്ങുമ്പോള്‍ വെല്‍ബെട്ട കുന്നുകള്‍ക്കിടയിലെ മോഡ്രിച്ചി ഗ്രാമത്തില്‍ നിന്നും സ്വപ്നതുല്യമായൊരു ജീവിതത്തിലേക്കാണ് ലൂക്കയെ കാല്‍പന്തുകളി എത്തിച്ചത്.
കന്നുകാലികളെ മേച്ചും കൂലി തൊഴിലെടുത്തും നിത്യവൃത്തിക്ക് വകകണ്ടെത്തുന്ന തീര്‍ത്തും ദരിദ്രന്‍മാരുടെ ഗ്രാമമായിരുന്നു മോഡ്രിച്ചി. ലൂക്കയുടെ അച്ഛനും അമ്മയും ഫാക്ടറി തൊഴിലാളികളായിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോയാല്‍ ലൂക്കായെയും കുഞ്ഞനുജത്തി ജാസ്മിനെയും സംരക്ഷിച്ചിരുന്നത് മുത്തച്ഛനായിരുന്നു. സോവിയറ്റ് യൂനിയന്റെ പതനമായിരുന്നു ലൂക്കായ്ക്ക് ദുരിതം സമ്മാനിച്ചത്. സോവിയറ്റ് യൂനിയന്റെ വീഴ്ചയോടെ കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ കലാപം പടര്‍ന്ന ദിനങ്ങള്‍. കുഗ്രാമമായ മോഡ്രിച്ചിയെയും കലാപം വിട്ടില്ല. ക്രൊയേഷ്യന്‍ വംശജരോട് രാജ്യം വിടാന്‍ സെര്‍ബിയക്കാര്‍ നിരന്തരം ഭീഷണി മുഴക്കി. മോഡ്രിച്ചി ഗ്രാമം വിട്ടു ലൂക്കയുടെ കുടുംബം എങ്ങോട്ട് പോകാന്‍.
സെര്‍ബ് ഭീഷണിക്ക് വഴങ്ങാന്‍ ലൂക്കയുടെ മുത്തച്ഛന്‍ തയാറായില്ല. 1991 ഡിസംബര്‍ എട്ട്. പതിവു പോലെ പശുക്കളെ കൊണ്ടു വരാനായി പോയതായിരുന്നു ലൂക്കയുടെ മുത്തച്ഛന്‍. ലൂക്കയാവട്ടെ മൈതാനത്ത് ഫുട്‌ബോള്‍ തട്ടിക്കളിക്കുന്നു.
ഇതിനിടെയായിരുന്നു കുഞ്ഞനുജത്തി ജാസ്മിന്റെ നിലവിളി ലൂക്കയുടെ കാതുകളില്‍ വന്നലച്ചത്. മോഡ്രിച്ച് വിടാന്‍ തയാറാകാതിരുന്ന ലൂക്കയുടെ മുത്തച്ഛനെ സെര്‍ബ് തീവ്രവാദികള്‍ വെടിയുണ്ടയ്ക്ക് ഇരയാക്കി. തനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ നഷ്ടമായതിന്റെ ഹൃദയവേദനയുമായി കൊച്ചു ലൂക്കയും അനുജത്തിയുമായി മാതാപിതാക്കള്‍ മോഡ്രിച്ചി ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ടു. അഭയാര്‍ഥി ക്യാംപിലെ നരകത്തിലായി പിന്നീടുള്ള ജീവിതം. കുഞ്ഞുനാളുകളെ ഓര്‍ക്കാന്‍ ലൂക്ക ഇന്നും ഇഷ്ടപ്പെടുന്നില്ല.
അത്രയ്ക്കു വെറുപ്പാണ് ലൂക്കയ്ക്ക് ആ ഓര്‍മകള്‍. ദുരന്തങ്ങളിലും വേദനകളിലും നിന്നും ലൂക്കായ്ക്ക് ആശ്വാസമായതും ജീവിതം തിരിച്ചു നല്‍കിയതും കാല്‍പന്തും കളിക്കളങ്ങളുമാണ്. ലോക ഫുട്‌ബോളിലെ മികച്ചതാരങ്ങളില്‍ ഒരാളായി മാറിയ ലൂക്ക മോഡ്രിച്ച് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂനിയറും പാതിവഴിക്കിറങ്ങി പോയ റഷ്യന്‍ ലോകകപ്പിലെ ആവേശനക്ഷത്രമാണ്. ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പിന്റെ സ്വപ്ന ഫൈനലിലേക്ക് ക്രൊയേഷ്യ എത്തിയ രാത്രിയില്‍ ലൂക്കാ മോഡ്രിച്ചിന്റെ മനസില്‍ നിറയെ മുത്തച്ഛനോടൊത്തുള്ള നിമിഷങ്ങളായിരുന്നു. ക്രൊയേഷ്യയുടെ വീരനായകനാണിന്ന് ലൂക്കാ മോഡ്രിച്ച്. കളിക്കളത്തിലും പുറത്തും അവസാനിക്കാത്ത അതിജീവന പോരാട്ടത്തിന്റെ പ്രതീകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."