HOME
DETAILS

ഏകാധിപത്യത്തിലേക്കുള്ള ഫാസിസത്തിന്റെ കുറുക്കുവഴി

  
backup
July 14 2018 | 20:07 PM

%e0%b4%8f%e0%b4%95%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

'എല്ലാ അധികാരങ്ങളും ഒരേ കൈയില്‍ കുമിഞ്ഞുകൂടുകയെന്നതു നിഷ്ഠുര ഭരണത്തിന്റെ നിര്‍വചനമായി ന്യായമായും പ്രഖ്യാപിക്കാവുന്നതാണ് '
അമേരിക്കന്‍ ഭരണഘടനാ ശില്‍പ്പികളില്‍ പ്രമുഖനായ ജെയിംസ് മാഡിസന്റെ ഈ വാക്കുകള്‍ ഏറെ വിഖ്യാതമാണ്. അധികാരം എപ്പോഴൊക്കെ കേന്ദ്രീകൃതമായിട്ടുണ്ടോ അപ്പോഴെല്ലാം പൗരന്മാരുടെ സ്വാതന്ത്ര്യവും മഹത്വവും അപകടത്തിലായിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിനു പ്രചോദനം നല്‍കിയ മോണ്ടെസ്‌ക്യു അധികാരകേന്ദ്രീകണം തടയാന്‍ എക്‌സിക്യൂട്ടീവ് ,ലെജിസ്ലേച്ചര്‍ ,ജുഡീഷ്യറി എന്നീ ഘടകങ്ങള്‍ക്കിടയില്‍ ഭരണാധികാരം വിഭജിക്കുകയെന്ന ആശയം മുന്നോട്ടുവച്ചു.
അമേരിക്കയില്‍ വിപ്ലവാനന്തരം ഭരണഘടന രൂപീകരിച്ചപ്പോള്‍ അധികാരകേന്ദ്രീകരണം ഒഴിവാക്കാന്‍ ഫെഡറലിസമെന്ന ആശയം കൂടി ഉരുവം കൊണ്ടു. ജെയിംസ് മാഡിസണ്‍ മുന്നോട്ടുവച്ച ഭരണഘടനാ മാതൃകയില്‍ പ്രാധനപ്പെട്ട ഘടകമാണു ഫെഡറലിസം. അധികാരം ഒരു വ്യക്തിയിലോ സ്ഥാപനത്തിലോ കേന്ദ്രീകരിക്കുന്നതു തടയുകയും ഭരണകൂടത്തിന്റെ അധികാരം നിര്‍വചിതവും പരിമിതവുമാക്കുകയും ചെയ്യുകയെന്നതാണു മാഡിസണിയന്‍ ജനാധിപത്യക്രമത്തിന്റെ മുഖ്യലക്ഷ്യം.
'അധികാരവിഭജനമെന്ന തത്വം കാര്യക്ഷമത വളര്‍ത്താനുള്ളതല്ല; തത്വദീക്ഷയില്ലാത്ത അധികാരപ്രയോഗം തടയാനുള്ളതാണ്. ഭരണകൂടഘടകങ്ങള്‍ തമ്മിലുള്ള ഉരസല്‍ ഒഴിവാക്കുകയല്ല, അധികാരവിഭജനത്തിലൂടെ ഉടലെടുക്കുന്ന അനിവാര്യമായ ഉരസലിലൂടെ, ജനങ്ങളെ ഏകാധിപത്യത്തില്‍ നിന്നു രക്ഷിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം.': അമേരിക്കന്‍ ന്യായാധിപനായ ലൂയി ബ്രാന്‍ഡെയ്‌സ്, മയേഴ്‌സ് വേഴ്‌സസ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് (1926) എന്ന കേസില്‍ എഴുതിയ വിയോജന വിധിന്യായത്തില്‍ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി.
ഇന്ത്യയെപ്പോലെ ഭാഷാ, വംശ വൈവിധ്യങ്ങളുള്ള രാജ്യത്തില്‍ ഈ ഘടകവിഭാഗങ്ങള്‍ക്കു സ്വയംഭരണം അനുവദിച്ചുകൊണ്ടു ദേശീയഐക്യം നിലനിര്‍ത്തുന്നുവെന്നതാണു ഫെഡറലിസത്തിന്റെ മറ്റൊരു സവിശേഷത. ലോകമെങ്ങുമുള്ള വംശീയ മതന്യൂനപക്ഷങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ പിന്തുണക്കുന്നതു ദേശീയഐക്യം നിലനിര്‍ത്തിക്കൊണ്ടു തെന്നെ അവരുടെ വ്യക്തിത്വവും പരിമിതമായ സ്വയംഭരണവും അത് അനുവദിക്കുന്നുവെന്നതിനാലാണ്. ശ്രീലങ്കയിലെ തമിഴരും നേപ്പാളിലെ മധേസികളും ഫെഡറലിസത്തിനു വേണ്ടി വീറോടെ വാദിക്കുന്നത് ഇതിനാലാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറലിസമെന്ന സംജ്ഞ ഉപയോഗിച്ചിട്ടില്ലെങ്കിലും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സ്റ്റേറ്റുകളും യൂനിയനും തമ്മിലുള്ള അധികാരവിഭജനം നടത്തിയിട്ടുണ്ട്. ഭരണഘടനയുടെ പ്രാഥമ്യം ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ആണിക്കല്ലാണ്. സംസ്ഥാനങ്ങളും യൂനിയനും തമ്മില്ലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്നതു സുപ്രിംകോടതിയുടെ ഒറിജിനല്‍ ജൂറിസ്ഡിക്ഷനാണ്.
കേന്ദ്രഭരണകൂടത്തില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കാന്‍ രാജ്യസഭ (കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ്) ഉണ്ട്. പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പ്, സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരം, ഏഴാം ഷെഡ്യൂള്‍, പാര്‍ലമെന്റിലെ സംസ്ഥാനകളുടെ പ്രാതിനിധ്യം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ ഭേദഗതി ചെയ്യാന്‍ സംസ്ഥാനങ്ങളുടെ കൂടി അനുമതിയാവശ്യമാണ്. ഇതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവങ്ങളാണ്.
എന്നാല്‍, അടിയന്തരാവസ്ഥാ സംബന്ധമായ വ്യവസ്ഥകള്‍, ഗവര്‍ണര്‍മാരുടെ നിയമനം, അഖിലേന്ത്യാ സര്‍വിസുകള്‍ തുടങ്ങിയവ ഭരണഘടനയില്‍ ഫെഡറലിസ്റ്റ് തത്വങ്ങളുമായി യോജിക്കാത്ത ഭാഗങ്ങളാണ്.
ഇതിനാല്‍ കോഓപ്പറേറ്റീവ് ഫെഡറലിസം എന്നു വിശേഷിക്കപ്പെടുന്ന ഒരു പ്രത്യേകമായ ഫെഡറല്‍ സംവിധാനമായാണ് ഇന്ത്യന്‍ ഭരണഘടനയെ പരിഗണിക്കുന്നത്.
1977 ല്‍ യൂനിയന്‍ ഓഫ് ഇന്ത്യ വേഴ്‌സസ് സങ്കല്‍ ചാന്ദ് കേസില്‍ ഇന്ത്യ ഫെഡറലോ ക്വാസി ഫെഡറലോ ആയ രാഷ്ട്രവ്യവസ്ഥയാണെന്നു സുപ്രിം കോടതി വിധിച്ചു. 2001 ല്‍ ഗംഗറാം മൂല്‍ചന്ദാനി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ ഇന്ത്യ അടിസ്ഥാനപരമായി ഫെഡറല്‍ സംവിധാനമാണെന്നും ഫെഡറല്‍ സംവിധാനത്തിന്റെ പരമ്പരാഗത സ്വഭാവവിശേഷങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ടെന്നും സുപ്രിം കോടതി ഊന്നിപ്പറയുകയുണ്ടായി. എന്നാല്‍, ഇന്നത്തെ കേന്ദ്രഭരണകക്ഷി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയധാര എന്നും ഫെഡറലിസമെന്ന ആശയത്തിനെതിരായിരുന്നു. ഭരണഘടനാ നിര്‍മാണപ്രക്രിയയിലെ ആദ്യ തദ്ദേശീയ കാല്‍വയ്പായ 1928 ലെ മോത്തിലാല്‍ നെഹ്‌റു റിപ്പോര്‍ട്ടില്‍ ഫെഡറലിസമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഹിന്ദു മഹാസഭ അതിനെ നിശിതമായി എതിര്‍ക്കുകയും യൂനിറ്ററി സംവിധാനത്തിനുവേണ്ടി വാദിക്കുകയുമാണു ചെയ്തത്.
1961 ല്‍ ദേശീയോദ്ഗ്രഥന സമിതിക്ക് അയച്ച കത്തില്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പറയുന്നു: 'നിലവിലുള്ള ഫെഡറല്‍ ഭരണ സംവിധാനം വിഘടനവാദത്തിനു ജന്മം നല്‍കുന്നുവെന്നു മാത്രമല്ല അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഏകരാഷ്ട്രമെന്ന വസ്തുത അതു നിഷേധിക്കുകയും നശിപ്പിക്കുകയും ചെയുന്നു. ഫെഡറലിസത്തെ സമൂലം നീക്കം ചെയ്തു ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്; അതിനു പകരം യൂനിറ്ററി ഭരണസംവിധാനം സ്ഥാപിക്കണം.'
1954 ല്‍ മഹാരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്ത് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഇന്ത്യക്ക് ഏകീകൃത കേന്ദ്ര ഭരണമാണു വേണ്ടത്. ഭരണപരമായ വീക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഭരണപ്രദേശങ്ങള്‍ മാത്രമായിരിക്കണം.'
അദ്ദേഹം വിചാരധാരയില്‍ ഒന്നുകൂടി വ്യക്തമായി ഇങ്ങനെ എഴുതി: 'ഭാരതമെന്ന രാഷ്ട്രത്തിന്റെ ഉള്ളിലുള്ള സ്വയംഭരണമോ അര്‍ധ സ്വയംഭരണമോ ഉള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവും ഫലപ്രദവുമായ കാല്‍വയ്പ്, നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച എല്ലാ ചര്‍ച്ചയും ആഴത്തില്‍ കുഴിച്ചുമൂടുകയെന്നതാണ്. ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിര്‍വഹണവിഭാഗം' എന്ന് ഉദ്‌ഘോഷിക്കുക. നമ്മുടെ ഏകീകൃത മൈത്രിക്കു ഭംഗംവരുത്താന്‍ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ അഭിമാനങ്ങളെ അനുവദിച്ചു കൂടാ. നമ്മുടെ ഭരണഘടനയെ പുനഃപരിശോധിക്കുകയും തിരുത്തിയെഴുതുകയും ഒരു യൂനിറ്ററി ഭരണസംവിധാനം സ്ഥാപിക്കുകയും വേണം.'
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയെന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടു വച്ചിരിക്കുകയാണ്. രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലും ഇക്കര്യം സൂചിപ്പിച്ചു. ഫെഡറല്‍ സംവിധാനത്തെയും വിശാലാര്‍ഥത്തില്‍ ജനാധിപത്യപ്രക്രിയയെയും ഈ ആശയം എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതുണ്ട്.
വര്‍ഷം മുഴുവന്‍ തെരഞ്ഞെടുപ്പുകളുള്ളതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്നും അതു വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് ഏകകാല തെരഞ്ഞെടുപ്പിനു കാരണമായി പറയുന്നത്. ഇതു പ്രാവര്‍ത്തികമാക്കാന്‍ നിലവിലുള്ള ഒട്ടേറെ നിയമസഭകളുടെ കാലാവധി നീട്ടേണ്ടിവരും. അതിനു ഭരണഘടന അനിവദിക്കുന്നില്ല. തെരഞ്ഞെടുപ്പിനു ചെലവാകുന്ന പണം ലാഭമാകുമെന്നും കള്ളപ്പണവും അഴിമതിയും തടയാമെന്നുമൊക്കെയാണു മറ്റു വാദങ്ങള്‍. അതാണു ലക്ഷ്യമെങ്കില്‍ 1998 ലെ ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി നിര്‍ദേശിച്ച പോലെ തെരഞ്ഞെടുപ്പിനു സര്‍ക്കാര്‍ പണം ചെലവഴിക്കുകയെന്ന പോലുള്ള നിര്‍ദേശം നടപ്പാക്കിയാല്‍ മതിയല്ലോ. അതൊന്നും പരിഗണിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വ്യത്യസ്തമായ പ്രവര്‍ത്തനമേഖലയാണു ഭരണഘടന അനുവദിച്ചിട്ടുള്ളത്. അതിനാല്‍ അവയുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വെവ്വേറെ വിലയിരുത്തണം. തെരെഞ്ഞടുപ്പുകള്‍ ഏകീകരിച്ചാല്‍ ഈ വിലയിരുത്തല്‍ നടക്കില്ല. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ ബഹളത്തില്‍ സംസ്ഥാനപ്രശ്‌നങ്ങള്‍ മുങ്ങി പോകാം; മറിച്ചും സംഭവിക്കാം. കേന്ദ്രത്തില്‍ സംജാതമാകുന്ന രാഷ്ട്രീയാസ്ഥിരതയ്‌ക്കെല്ലാം സംസ്ഥാനങ്ങള്‍ വിലനല്‍കേണ്ടി വരും. അതല്ലെങ്കില്‍ പാര്‍ലമെന്ററി സംവിധാനത്തിനു പകരം അമേരിക്കന്‍ രീതിയിലുള്ള പ്രസിഡന്‍ഷ്യല്‍ സംവിധാനം കൊണ്ടുവരണം .അതു ഭരണഘടനയെ റദ്ദാക്കുന്നതിനു തുല്യമാകും. സംസ്ഥാനങ്ങള്‍ക്കു ഭരണഘടന വകവച്ചു നല്‍കിയ വ്യക്തിത്വവും പവിത്രതയും നഷ്ടപ്പെടും.
കേശവാനന്ദ ഭാരതി കേസിലെ വിധിന്യായത്തിന്റെ വെളിച്ചത്തില്‍ അത്തരം അഭ്യാസങ്ങളൊന്നും സാധ്യമല്ല. നിയമകമ്മിഷന്‍ ഈയിടെ ഇതു സംബന്ധിച്ചു രാഷ്ട്രീയപ്പാര്‍ട്ടികളുമായി നടത്തിയ കൂടിയാലോചനയില്‍ ഡി.എം.കെ പോലുള്ള ഫെഡറലിസ്റ്റു പാര്‍ട്ടികള്‍ ഏകകാലീന തെരെഞ്ഞെടുപ്പ് ഫെഡറലിസത്തിനു തുരങ്കംവയ്ക്കുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
ജനാധിപത്യതത്വങ്ങള്‍ അധികാര കേന്ദ്രീകരണം ഒഴിവാക്കാനാണു ശ്രമിക്കുന്നതെങ്കില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അധികാരകേന്ദ്രീകരണത്തിനാണു പ്രാമുഖ്യം നല്‍കുന്നത്. ഈ പ്രത്യയശാസ്ത്രവും ഭരണഘടനയുടെ ആത്മാവും ഒന്നിച്ചു പോകില്ല. ഏകകാല തെരഞ്ഞെടുപ്പ് എന്ന ആശയം ഫെഡറലിസമെന്ന ഭരണഘടനാതത്വത്തെ തകര്‍ക്കുകയും ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടേയോ ഏകാധിപത്യത്തിലേയ്ക്കു രാഷ്ട്രത്തെ നയിക്കുകയും ചെയ്യും. സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ നിഴലുകളായി അധഃപതിക്കും. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും മഹത്വത്തിനും ഗ്രഹണം ബാധിക്കും. നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവായ ഭരണഘടനയ്‌ക്കെതിരായ ഈ നീക്കം, സമഗ്രാധിപത്യത്തിലേയ്ക്കുള്ള വാതായനങ്ങള്‍ തുറന്നിടും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago