HOME
DETAILS
MAL
പാലത്തായി പീഡനക്കേസ്: എസ്.ഡി.പി.ഐയുടെ ഇടപെടലില്‍ ദുരൂഹത
backup
July 26 2020 | 11:07 AM
മലപ്പുറം: പാലത്തായിയില്‍ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജനുമായുള്ള എസ്.ഡി.പി.ഐ നേതാവിന്റെ കൂടിക്കാഴ്ച ഉള്‍പ്പെടെ സംഘടനയുടെ ഇടപെടലില്‍ ദുരൂഹത.
ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കുന്നതിന് തൊട്ടു മുന്‍പ് എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ആണ് പ്രതിയുമായി കൂടിക്കാഴ്ച നടത്തിയത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കേസില്‍ അട്ടിമറി നടന്നതില്‍ എസ്.ഡി.പി.ഐയുടെ പങ്ക് സംബന്ധിച്ച് ചര്‍ച്ചയായതോടെയാണ് കൂടിക്കാഴ്ച വിവരം പുറത്താവുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടിക്കാഴ്ച സംബന്ധിച്ച വിവാദം കത്തിയതോടെ ഇക്കാര്യം എസ്.ഡി.പി.ഐ നേതാവ് തന്നെ സമ്മതിക്കുകയായിരുന്നു.
തുടക്കത്തില്‍ സംഘടനയാണ് കേസ് ഏറ്റെടുത്തതെന്നാണ് എസ്.ഡി.പി.ഐയുടെ അവകാശവാദം. കേസില്‍ മാര്‍ച്ച് രണ്ടാംവാരം ആണ് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കാണുന്നതും കുട്ടി വൈദ്യപരിശോധനയ്ക്ക് വിധേയമാവുന്നതും.
ഈ സമയത്തെല്ലാം കേസ് നടത്തിയത് തങ്ങളാണെന്നും സംഘടന പറയുന്നു. കുറ്റപത്രത്തില്‍ നിസാരവകുപ്പുകള്‍ ചുമത്താന്‍ കാരണം മൊഴിയിലെ വൈരുധ്യം ആണെന്ന് അന്വേഷണ ചുമതലയുള്ള ഐ.ജിയുടെതായി പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുണ്ട്. അത് സത്യമാണെങ്കില്‍ കേസ് ദുര്‍ബലമായത് സംഘടന കേസ് നടത്തിയ സമയത്താണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആദ്യം എഴുതി നല്‍കിയ പരാതിയിലും ചൈല്‍ഡ് ലൈന്‍ മുന്‍പാകെ നല്‍കിയ മൊഴിയിലും പീഡനം നടന്ന ദിവസം പരാമര്‍ശിച്ചിരുന്നില്ല. തിയതി പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.
എങ്കില്‍ കേസിനെ ദുര്‍ബലമാക്കുന്ന വിധത്തിലുള്ള ആ മൊഴികള്‍ എങ്ങിനെ കടന്നുവന്നു എന്നതും എസ്.ഡി.പി.ഐയുടെ ഇടപെടലിനെ പ്രതിസന്ഥാനത്തു നിര്‍ത്തുന്നതാണ്. പോക്‌സോ കേസില്‍ ഇരയെ തിരിച്ചറിയുന്ന വിധത്തില്‍ യാതൊരു നിലക്കും ഇടപെടല്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ ചട്ടം പൂര്‍ണമായും ലംഘിച്ചാണ് സംഘടന കേസില്‍ ആദ്യം ഇടപെട്ടത് എന്ന വിവാദ വെളിപ്പെടുത്തലും എസ്.ഡി.പി.ഐ നേതാവ് നടത്തുന്നുണ്ട്.
കേസ് സജീവമായിരിക്കെ ആക്ഷന്‍ കമ്മിറ്റി വിപുലീകരിച്ചപ്പോള്‍ അതില്‍ നിന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയതില്‍ സംഘടനയ്ക്ക് അമര്‍ഷമുണ്ട്. ഇക്കാരണത്താല്‍ കേസ് ദുര്‍ബലമാവാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവാമെന്ന് പ്രദേശത്തുകാര്‍ക്കിടയില്‍ സംസാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."