പട്ടാമ്പിയില്‍ അണ്ടര്‍ ബ്രിഡ്ജ്; സ്ഥല പരിശോധന നടത്തി
പട്ടാമ്പി: ഷൊര്‍ണൂര്‍ - മംഗലാപുരം റെയില്‍പ്പാതക്ക് താഴെ പട്ടാമ്പിയില്‍ അടിപാത നിര്‍മിക്കാന്‍ നടപടി തുടങ്ങി. നിര്‍മാണവുമായി ബന്ധപ്പെട്ട്
സമാന്തര റോഡിനായുളള പരിശോധനയാണ് തുടങ്ങിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്.
പട്ടാമ്പി - പള്ളിപ്പുറം റോഡിനേയും ഗവ.താലൂക്ക് ആശുപത്രിയെും ബന്ധിപ്പിച്ചു കൊണ്ടാണ് റെയില്‍വെ അടിപാത നിര്‍മിക്കുന്നത്. നേരത്തെ റെയില്‍വെ മേല്‍പാലമാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം അത് ഉപേക്ഷിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തിയിരുന്നു. റെയില്‍വെയുടെ ഭാഗത്ത് നിന്നുമുളള രൂപരേഖ ലഭിച്ച സാഹചര്യത്തിലാണ് സമാന്തര റോഡിനായുളള ശ്രമം ആരംഭിച്ചിരിക്കുന്നത്. മൂന്നര കോടിയോളം രൂപയാണ് അടിപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെക്ക് കെട്ടി വെക്കേണ്ടത്. സമാന്തര റോഡിനാവശ്യമായ സ്ഥലം ലഭ്യമായാല്‍ ഇതിന്റെ തുടര്‍ നടപടികള്‍ ആരംഭിക്കാനാകും.
സ്ഥല പരിശോധനയുമായി ബന്ധപ്പെട്ട് റോഡ്സ് ആന്റ് ബ്രിഡ്ജ്സ് കോര്പ്പറേഷന് ഡെപൂട്ടി ജനറല്‍ മാനേജര്‍ എ.എ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. ഇവര്‍ക്കൊപ്പം മുഹമ്മദ് മുഹസിന് എം.എല്‍.എ, നഗരസഭാ ചെയര്മാന് കെ.എസ്.ബി.എ.തങ്ങള്‍, എന്‍.പി.വിനയകുമാര്‍, കെ.പി.അജയന്, എ.കെ.അക്ബര്‍ സംബന്ധിച്ചു. അതേ സമയം പള്ളിപ്പുറം റോഡിലുള്ള പടിഞ്ഞാറെ കമാനം നവീകരിച്ച് അടിപാതയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ കോടികള്‍ ലാഭിക്കാനാവുമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പ്രദേശവാസികളായ ഇരുചക്രവാഹനങ്ങള്‍ പെരിന്തല്‍മണ്ണ വഴിയിലേക്ക് പ്രവേശിക്കുന്നതിനായി എളുപ്പമാര്‍ഗ്ഗമായി കാലങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."