വീടുകളിലെ വൈദ്യുതി ലീക്കേജ് പരിഹാര മാര്‍ഗമായി ഇ.എല്‍.സി.ബി സംവിധാനം
കഞ്ചിക്കോട്: അടിക്കടിയുണ്ടാവുന്ന വൈദ്യുത അപകടങ്ങളില്‍ നിന്നും രക്ഷ നേടാനായി ബോധവല്‍ക്കരണങ്ങള്‍ക്കു പുറമെ വീടുകളിലെത്തി വൈദ്യുതി ലീക്കേജ് തടയുന്നതിനായി എര്‍ത്ത്‌ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്ക് (ഇ.എല്‍.സി.ബി) സംവിധാനവുമായി കെ.എസ്.ഇ.ബി. ജില്ലയില്‍ എല്ലാ വീടുകളിലും ഇ.എല്‍.സി.ബി നിര്‍ബന്ധമായും സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ നിര്‍ദേശിക്കുന്നത്.
പുതിയതായി നിര്‍മിക്കുന്ന എല്ലാ വീടുകളിലും ഇ.എല്‍.സി.ബി സര്‍ക്ക്യൂട്ടുകള്‍ സ്ഥാപിച്ചു തുടങ്ങുകയാണ്. ഇതിനു പുറമെ പഴയ വീടുകളിലെല്ലാം കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി ബോധവല്‍ക്കരണത്തിലൂടെ സര്‍ക്ക്യൂട്ട് ബ്രേക്ക് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വീടുകളിലും മറ്റും എര്‍ത്ത് സംവിധാനങ്ങളിലെ അപാകത മൂലം വൈദ്യുതി അപകടങ്ങള്‍ ഒരു പരിധി വരെ ഇ.എല്‍.സി.ബി സംവിധാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയും.
ജില്ലയിലെ എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും ഇതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് അതത് സെക്ഷന്‍ ഓഫിസുകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക്‌ലഭ്യമാവുകയും ചെയ്യും.
കൂടാതെ കെ.എസ്.ഇ.ബി യുടെ ഫീല്‍ഡ് ജീവനക്കാരിലൂടെയും നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഏറെ സഹായകമാകും. വൈദ്യുതി വകുപ്പ് നല്‍കുന്ന ഇ.എല്‍.സി.ബി സംവിധാനത്തിന്റെ വില 500 രൂപയാണ്. എല്ലാ ഉപഭോക്താക്കളും നിര്‍ബന്ധമായും വാങ്ങി വീടുകളിലെ വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കേണ്ടതാണ്.
വൈദ്യുതി സെക്ഷന്‍ ഓഫിസുകള്‍ക്കു പുറെ പ്രമുഖ ഇലക്ട്രിക്കല്‍ ഷോപ്പുകളിലും ലഭ്യമാകുന്ന ഈ ഇ.എല്‍.സി.ബി കിറ്റ് വൈദ്യുതി ലീക്കേജിനും പുറമെ അപകടങ്ങളൊഴിവാക്കി സ്വയം രക്ഷക്കായി സ്വന്തം വീടുകളില്‍ ഉടന്‍ തന്നെ സ്ഥാപിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിക്കുന്നുണ്ട്. ഇ.എല്‍.സി.ബി സംവിധാനങ്ങളെ സംബന്ധിച്ച് അറിയുന്നതിനും ഇത് ഘടിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ അറിയുന്നതിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി യുടെ സെക്ഷന്‍ ഓഫിസുകളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
ഇ.എല്‍.സി.ബി സ്ഥാപിക്കുന്നതുവഴി മഴക്കാലത്ത് ചുവരുകളിലും തറകളിലുമുണ്ടാവുന്ന വൈദ്യുതി ലീക്കേജ് മൂലമുള്ള ഷോക്കേല്‍ക്കലും അപകടങ്ങളും ഇല്ലാതാക്കാനാവുമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രതീക്ഷ. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ എതിര്‍ശബ്ദമൊന്നും മില്ലാത്തത് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."