ഭിക്ഷാടകര്‍ക്ക് കൊവിഡ്: ആശങ്കയില്‍ തലസ്ഥാനം
തിരുവനന്തപുരം: തലസ്ഥാനത്ത് ഭിക്ഷാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്കും ബാക്കിയുള്ള 82 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി.
തിരുവനന്തപുരത്ത് തീരപ്രദേശത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും ആരോഗ്യവകുപ്പ് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്നാണ് റിപ്പോര്‍ട്ട്.
അടിമലത്തുറയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 20 പോസിറ്റീവ് കേസുകളാണുള്ളത്. അഞ്ചു തെങ്ങില്‍ നടന്ന 53 പരിശോധനകളില്‍ 15 പേര്‍ക്ക് പോസീറ്റീവ് ആണ്. പൂന്തുറയില്‍ 24 പേര്‍ക്കും പുതുക്കറച്ചിയില്‍ 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 13 പേര്‍ക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. പുല്ലുവിളയില്‍ ഇന്നലെ 14 പേര്‍ക്കും ശനിയാഴ്ച സ്ഥിരീകരിച്ചു.
ഈ സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്നാണ് ആവശ്യം. എന്നാല്‍ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിലല്ല കൊവിഡ് ബാധിച്ചവരില്‍ മരണ സാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണിപ്പോള്‍ പരിഗണന എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായമായവര്‍, മറ്റു രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."