മൃതദേഹം മാറിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു
തിരുവനന്തപുരം/കല്‍പ്പറ്റ: ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും വയനാട് സ്വദേശി നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പൊലിസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം തേടി.
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നോര്‍ക റൂട്‌സിന്റെ സൗജന്യ ആംബുലന്‍സ് സേവനം വഴി രാമനാഥപുരത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടില്‍ കൊണ്ടുവന്നത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ 10 ദിവസം മുന്‍പാണ് അപകടത്തില്‍ മരിച്ചത്. അബുദാബിയിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10ഓടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക് മാറ്റാന്‍ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്ന വിവരം അവിടത്തെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഈ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."