ക്വാറൻ്റൈനിടെ പുറത്തിറങ്ങിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ ചോദ്യം ചെയ്ത ആർ.ആർ.ടി വളണ്ടിയർമാരെ മർദിച്ചതായി പരാതി
കൊടിയത്തൂർ: ക്വാറൻ്റൈനിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയ സി.പി.എം ഏരിയ കമ്മിറ്റിയംഗം ജോണി ഇടശ്ശേരിയെ ചോദ്യം ചെയ്ത ആർ.ആർ.ടി വളണ്ടിയർമാരെ ഇയാൾ മർദിച്ചതായി പരാതി. പഞ്ചായത്തിലെ കണ്ടയ്ൻമെൻ്റ് സോണായ തോട്ടുമുക്കത്ത് ഇന്നലെ രാവിലെയാണ് സംഭവം. കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ക്വാറൻ്റൈനിൽ കഴിയാൻ കഴിഞ്ഞദിവസം ഇയാളോട് നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങിയത് തടഞ്ഞതിനാണ് പ്രദേശത്തെ ആർ.ആർ.ടി വളണ്ടിയർമാരെ ഇയാൾ മർദിച്ചത്.
ആർ.ആർ.ടി വളണ്ടിയമാർമാരായ മുസ്തഫ തോട്ടുമുക്കം, വൈ.പി അഷ്റഫ് എന്നിവർക്കാണ് മർദനമേറ്റത്. ക്വാറൻ്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിനെ കുറിച്ച് ജോണി ഇടശ്ശേരിയോട് ചോദിച്ചപ്പോൾ വാക്ക് തർക്കത്തിൽ കലാശിക്കുകയും അഷ്റഫിന്റെ ആർ.ആർ.ടി കാർഡ് വലിച്ചു കീറുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. നിരീക്ഷണത്തിൽ കഴിയേണ്ടയാൾ പുറത്തിറങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ക്വാറൻ്റൈനിൽ കഴിയുന്ന താൻ പുറത്തിറങ്ങിയിട്ടില്ലെന്നും ജോണി ഇടശ്ശേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."