കൈക്കൂലി: ഡോക്ടറെ സര്‍വിസില്‍ നിന്ന് പുറത്താക്കി
മുക്കം(കോഴിക്കോട്): സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രോഗിയെ പ്രവേശിപ്പിക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഡോക്ടറെ സര്‍വിസില്‍ നിന്ന് പുറത്താക്കി. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എന്‍.ആര്.എച്ച്.എം വഴി നിയമിതനായ ഡോ. ഗോപാലകൃഷ്ണനെയാണ് എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചക്കകം ഡോക്ടറോട് വിശദീകരണം നല്‍കാനും പ്രോഗ്രാം ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മര്‍ദ്ദനമേറ്റ് പരുക്കുകളോടെ ചികില്‍സ തേടിയെത്തിയ മുക്കത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായ അബൂബക്കര്‍ (36) നല്കിയ പരാതിയിലാണ് ഡോക്ടര്‍ക്കെതിരേ നടപടി എടുത്തത്. പരുക്കേറ്റ ഓട്ടോ തൊഴിലാളിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ 500 രൂപയാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പൊലിസ് സ്റ്റേഷനില്‍ കൊടുക്കേണ്ട ഇന്റിമേഷന്‍ നല്‍കാനാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഓട്ടോ തൊഴിലാളികള്‍ 200 രൂപ കൊടുത്തപ്പോള്‍ അത് പോരെന്നും പറ്റില്ലെങ്കില്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനുമായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് ഡോക്ടര്‍ക്ക് പണം കൊടുക്കുന്ന ദൃശ്യങ്ങള്‍ തൊഴിലാളികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെയാണ് അധികൃതര്‍ ഡോക്ടറെ സര്‍വിസില്‍ നിന്ന് നീക്കിയത്.
മെഡിക്കോ ലീഗല്‍ കേസായതിനാല്‍ കോടതിയിലും മറ്റും പോകാന്‍ പണം ആവശ്യമുണ്ടെന്നും അതിനാലാണ് രോഗികളില്‍ നിന്ന് പണം കൈപ്പറ്റിയതെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം. സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."