വ്യാജരേഖ ചമച്ച് സി.പി.എം നേതാവിന്റെ ഭാര്യയുടെ വായ്പാ തട്ടിപ്പ്
കൊല്ലം: സി.പി.എം പ്രാദേശിക നേതാവിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ വ്യാജരേഖകള്‍ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ വിധവയായ വീട്ടമ്മയും പെണ്‍മക്കളും മാതാവും പൊലിസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്നുവെന്ന് കണ്ടതോടെ ഇവരെ പൊലിസ് സ്‌റ്റേഷന് ഉള്ളിലെത്തിച്ച് കേസെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
തയ്യല്‍തൊഴിലാളിയും വിധവയുമായ കാവനാട് കുരീപ്പുഴ ചേരി നഗര്‍ 52, കൊരട്ടുവിള വീട്ടില്‍ ആമിനയും രണ്ടു പെണ്‍കുട്ടികളും ആമിനയുടെ മാതാവുമാണ് കോരിച്ചൊരിയുന്ന മഴയത്ത് പ്രതിഷേധവുമായി പൊലിസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവും ആമിന ഉന്നയിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടുമായിരുന്നു തട്ടിപ്പ്.
വായ്പയെടുത്ത തുകയുടെ തവണ വ്യവസ്ഥ മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ആമിനയെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്. ഏഴരലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ട്. സംഭവം വിവാദമായതോടെ അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ള കൗണ്‍സിലര്‍ ആമിനയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു.
തയ്യല്‍ തൊഴിലാളികള്‍ക്കുള്ള വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് സി.പി.എം നേതാവിന്റെ ഭാര്യ ആമിനയില്‍ നിന്ന് 2014 ല്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നു. പിന്നീട് ആമിനയറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."