മെട്രൊ റെയില്‍: 11 സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാക്കി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വിസ് ആരംഭിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ സജീവം. 11 മെട്രൊ സ്റ്റേഷനുകളുടെ ജോലികള്‍ പൂര്‍ത്തിയായെന്നു ഡിഎംആര്‍സി അറിയിച്ചു. സുരക്ഷാ കമീഷണറുടെ പരിശോധനയ്ക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
മെട്രൊയുടെ ആദ്യഘട്ട സര്‍വിസായ ആലുവ-പാലാരിവട്ടം റൂട്ടില്‍ 11 സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ എല്ലാ സ്റ്റേഷനുകളുടെയും സിവില്‍ ജോലികള്‍ കഴിഞ്ഞു. ഉള്‍വശത്തെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. സ്റ്റേഷന്‍ കെട്ടിടം, പ്ലാറ്റ്‌ഫോം എന്നിവയെ ബന്ധിപ്പിക്കുന്ന ലിങ്ക് പാലത്തിന്റെ നിര്‍മാണം എല്ലായിടത്തും ഉടന്‍ പൂര്‍ത്തിയാക്കും. സ്റ്റേഷന്‍ കെട്ടിടത്തിനു ചുറ്റുമുള്ള ജോലികള്‍, പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കല്‍, അലൂമിനിയം ഷീറ്റുകള്‍ പൊതിയല്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കാനുണ്ട്.
പുളിഞ്ചോട്, കമ്പനിപ്പടി, മുട്ടം, പത്തടിപ്പാലം എന്നിവിടങ്ങളില്‍ ഉള്‍വശത്തെ ജോലികള്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി. കുസാറ്റ്, കളമശേരി എന്നിവിടങ്ങളില്‍ നിസാര ജോലികളാണു ബാക്കിയുള്ളത്. അമ്പാട്ടുകാവ്, പുളിഞ്ചോട്, ആലുവ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കി. പാലാരിവട്ടത്ത് കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍ പാര്‍ക്കിങ് സൌകര്യം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജല മെട്രോയ്ക്ക് വായ്പ നല്‍കുന്ന ജര്‍മന്‍ ബാങ്ക് കെഎഫ്ഡബ്‌ള്യുവിന്റെ മൂന്നംഗ പ്രതിനിധി സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
കെഎഫ്ഡബ്ലിയു പ്രതിനിധികളായ റോബര്‍ട്ട് വാള്‍ക്കോവിക്, ഫെലിക്‌സ് ക്‌ളൗഡ്, ആഞ്ജലിക്ക സ്വിക്കി എന്നിവരടങ്ങുന്ന സംഘം പ്രധാന ബോട്ടുജെട്ടികള്‍ സ്ഥാപിക്കുന്ന പ്രദേശത്താണ് സന്ദര്‍ശനം നടത്തിയത്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും കെഎഫ്ഡബ്ലിയു സംഘത്തിനൊപ്പമുണ്ട്. ജലമെട്രൊ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെഎഫ്ഡബ്ലിയു കെഎംആര്‍എലുമായി ചര്‍ച്ച നടത്തി.
ഗതാഗത വികസനത്തിനൊപ്പം ജല മെട്രോ പദ്ധതിക്കു കീഴില്‍വരുന്ന ദ്വീപുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പ്രാമുഖ്യം നല്‍കുന്നുണ്ട്. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകളാണ് പദ്ധതിക്കു കീഴില്‍ നിശ്ചയിച്ചിരിക്കുന്നത്. 76 കിലോമീറ്ററാണ് ദൈര്‍ഘ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."