ഒരാള്‍ക്ക് കൊറോണ വൈറസെന്ന് സംശയം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തര കൊറിയ
പ്യോങ്യാങ്: ഒരാള്‍ക്ക് കൊവിഡ് രോഗമെന്ന സംശയത്തെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കാഇസോങ്ങില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉത്തര കൊറിയ അംഗീകരിക്കുന്ന ആദ്യത്തെ കൊവിഡ് കേസായിരിക്കും ഇത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ കിം ജോങ് ഉന്‍ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചുചേര്‍ക്കുകയും 'അടിയന്തരാവസ്ഥയുടെ പരമാവതിയും ടോപ്-ക്ലാസ് അലര്‍ട്ടും' നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സിറ്റിയെ മുഴുവന്‍ ബ്ലോക്ക് ചെയ്ത് വൈറസിനെ നേരിടണമെന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരവ്.
കൊവിഡ് സംശയിക്കുന്നയാള്‍ മൂന്ന് വര്‍ഷം മുന്‍പ് ഉത്തരകൊറിയ വിടുകയും ദക്ഷിണ കൊറിയയില്‍ താമസിച്ചിരുന്നയാളുമാണ്. ജൂലൈ 19ന് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തി മേഖലയാണിത്. ഇവിടെ മുറിച്ചുകടക്കുകയെന്നത് അത്യപൂര്‍വ്വമാണ്. എന്നാല്‍ ഇയാള്‍ ഈയിടെ ദക്ഷിണ കൊറിയയില്‍ നിന്ന് മടങ്ങിയതാണെന്ന് ഉറപ്പിച്ചു പറയുകയാണ് ദക്ഷിണ കൊറിയന്‍ സൈന്യം.
ദക്ഷിണ കൊറിയയില്‍ ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ഈ 24 കാരന്‍ അതിര്‍ത്തി കടന്ന് ഉത്തര കൊറിയയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകം മൊത്തം കൊവിഡ് പരന്നപ്പോഴും ഉത്തര കൊറിയയില്‍ എന്തു നടക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നില്ല. ഇതാദ്യമായാണ് ഒരാള്‍ കൊവിഡ് സംശയിക്കുന്നുണ്ടെന്ന വിവരമെങ്കിലും ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."