പെരിയാര്‍വാലി കനാലിന്റെ അറ്റകുറ്റപ്പണിയില്‍ അപാകതയെന്ന് പരാതി
പെരുമ്പാവൂര്‍: വട്ടയ്ക്കാട്ടുപടിയിലെ പെരിയാര്‍വാലി കനാലിന്റെ അറ്റകുറ്റപ്പണിയില്‍ അപാകതയെന്നു പരാതി. പാര്‍ശ്വഭിത്തിയുടെ ചോര്‍ച്ച പരിഹരിക്കാന്‍ ചെയ്ത ജോലി കനാലിന്റെ വീതി കുറയ്ക്കുകയും ബലഹീനമാക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. കോണ്‍ക്രീറ്റ് നിര്‍മിതിയായ കനാലിന്റെ പാര്‍ശ്വഭിത്തിയുടെ ചോര്‍ച്ച പരിഹരിക്കാന്‍ 5.46ലക്ഷം രൂപയുടെ ജോലികളാണ് ചെയ്തത്. നല്ല ഉറപ്പിലും കൃത്യമായ ചെരിവിലും നിര്‍മിച്ചിരുന്ന പാര്‍ശ്വഭിത്തിയും അടിത്തറയും കുറെ ഭാഗം പൊട്ടിച്ച് ബലഹീനമായി രീതിയില്‍ പാര്‍ശ്വഭിത്തിയും അടിത്തറയും നിര്‍മിച്ചെന്നാണ് ആരോപണം.
കനാലിനെ കുറുകയുള്ള ചെറിയ സ്ലാബിനടിയില്‍ പാര്‍ശ്വഭിത്തിയോ അടിത്തറയോ പണി തീര്‍ത്തിട്ടില്ല. കോണ്‍ക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഇറക്കിയ മെറ്റലും മണലും മണ്ണും ചെളിയും കലര്‍ന്നതായിരുന്നു. വേറെ സൈറ്റില്‍ നിന്ന് ഇറക്കിയ മോശമായ സാധനങ്ങളായിരുന്നെന്നാണ് പരാതി.
ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ജോലി ചെയ്തത്. പലയിടത്തും വിവിധ കനത്തില്‍ ഓരേ തരം കോണ്‍ക്രീറ്റ് തന്നെയാണ് ഉപയോഗിച്ചത്. കനാലിന്റെ വലതു വശത്തെ പാര്‍ശ്വഭിത്തിയുടെ അടിഭാഗം ത്രികോണാകൃതിയില്‍ തടിപ്പിച്ചു നിര്‍മിച്ചിരിക്കുകയാണ്.
കരാറുകാരന്റെ സാന്നിധ്യത്തില്‍ മാത്രം ചെയ്ത ജോലികള്‍ക്ക് പരിശോധന വേണമെന്നാണ് ആവശ്യം. നല്ല ഉറപ്പിലും ചെരിവിലും നിര്‍മിച്ച പാര്‍ശ്വഭിത്തിയും അടിത്തറയും വെട്ടിപ്പൊളിച്ച് കനാലിന്റെ രൂപഭംഗി മാറ്റിയതും അപാകതയായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."