നാഥനില്ല; ചെമ്മാട് ടൗണില്‍ ട്രാഫിക് സ്വയം നിയന്ത്രിക്കണം
തിരൂരങ്ങാടി: ട്രാഫിക് ലൈറ്റിനൊപ്പം പൊലിസും കണ്ണടച്ചതോടെ ചെമ്മാട് ടൗണിലെ ട്രാഫിക് നിയന്ത്രണം തോന്നിയ പോലെ. ചെമ്മാട്-കോഴിക്കോട് റോഡ് ജങ്ഷനിലാണ് നാഥനില്ലാതെ കുത്തഴിഞ്ഞ ട്രാഫിക് നിയന്ത്രണം. ഏറെ പ്രതീക്ഷയോടെ ചെമ്മാട് ടൗണില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയാകുകയും പൊലിസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരും ബസ് ജീവനക്കാരും മറ്റും ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്തത്. ഗതാഗതക്കുരുക്കിലകപ്പെടുമ്പോള്‍ ബസ് ജീവനക്കാര്‍ പുറത്തിറങ്ങിയാണ് സ്വയം വഴിയൊരുക്കുന്നത്. മറ്റു വാഹനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന അവസ്ഥയുമുണ്ട്. ഏറെ കൊട്ടിഘോഷിച്ച് ടൗണില്‍ സ്ഥാപിച്ച ട്രാഫിക് ലൈറ്റുകള്‍ അന്നേദിവസം തന്നെ കണ്ണടച്ചതോടെ ഈ തൂണുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു. ഉദ്ഘാടന ദിവസംതന്നെ ഗതാഗത നിയന്ത്രണം താളം തെറ്റിയതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പിന്നീട് ഇത് പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ചെമ്മാട് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ചെമ്മാട് ടൗണിലെ ഗതാഗതകുരുക്ക് പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."