കൊവിഡ് ചികിത്സാ കൊള്ള അനുവദിക്കരുത്
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ചികിത്സക്കായി നിര്‍ദേശിക്കുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകളാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കൊവിഡ് ചികിത്സ ലഭ്യമാകുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാനിരക്ക് മാത്രമേ ഈടാക്കാവൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ മാര്‍ഗരേഖപ്രകാരം കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കും. ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ചികിത്സാച്ചെലവും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന രോഗികളുടെ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേള്‍ക്കുമ്പോള്‍ വളരെ സന്തോഷവും ആശ്വാസവും നല്‍കുന്ന തീരുമാനമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കാരുണ്യ ചികിത്സാ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ എവിടംവരെ എത്തുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതി നടപ്പാക്കിയത്. ഇടതുമുന്നണി അധികാരത്തില്‍ വന്നയുടന്‍ ആദ്യം കൈവച്ചത് കാരുണ്യ ചികിത്സാ പദ്ധതിയിന്മേലായിരുന്നു. ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഇത്തരമൊരു സൗജന്യ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് കാരുണ്യ ചികിത്സാ പദ്ധതിയുടെ കീഴില്‍ നടത്തിയ ചികിത്സയുടെ പണം ധനവകുപ്പില്‍നിന്ന് കിട്ടാതായി. കുടിശിക കോടികളായി ഉയര്‍ന്നപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ കാരുണ്യ ചികിത്സാ പദ്ധതിയുടെ പ്രഭാവത്തിന് അങ്ങനെ മങ്ങലേറ്റു.ഇത്തരം അവസ്ഥയായിരിക്കുമോ സര്‍ക്കാര്‍ വാക്ക് വിശ്വസിച്ച് സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് വിധേയരാകുന്ന പാവപ്പെട്ടവര്‍ക്കെന്ന് ഭയപ്പെടുന്നതില്‍ തെറ്റ് പറയാനാകില്ല.
ജീവിശൈലീ രോഗങ്ങളെ അപേക്ഷിച്ച് കൊവിഡ് ചികിത്സയ്ക്ക് ഭീമമായ തുകയാണ് വേണ്ടിവരിക. ഇവ കോടികളായി വളരാന്‍ ഏറെ കാലതാമസം വേണ്ടിവരില്ല. കുടിശിക തീര്‍ക്കാന്‍ ഇന്നത്തെ സാമ്പത്തിക ഞെരുക്കത്തില്‍ സര്‍ക്കാരിന് കഴിയണമെന്നില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ കുടിശിക കൊടുത്തുതീര്‍ക്കാത്തതിന്റെ പേരില്‍ കാരുണ്യ ചികിത്സാ പദ്ധതിക്ക് കീഴിലുള്ള ചികിത്സ നിഷേധിച്ചതുപോലെ കൊവിഡ് രോഗികള്‍ക്കും ചികിത്സ നിഷേധിക്കുകയില്ല എന്നതിന് എന്താണുറപ്പ്. സര്‍ക്കാര്‍ കൊവിഡ് രോഗികള്‍ക്കുള്ള ജനറല്‍ വാര്‍ഡിന് പ്രതിദിന തുകയായി നിശ്ചയിച്ചത് 2,300 രൂപയാണ്. ഇത് പതിനഞ്ചും ഇരുപത്തിയെട്ടും ദിവസമാകുമ്പോള്‍ ഭീമമായ തുകയായിരിക്കും സാധാരണക്കാരന്‍ ഒടുക്കേണ്ടിവരിക. പാവപ്പെട്ട രോഗികള്‍ക്ക് വലിയ തുക അടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന ആശുപത്രി മാനേജ്‌മെന്റ് വലിയ തുക മുന്‍കൂറായി കെട്ടിവയ്ക്കാന്‍ രോഗികളുടെ ബന്ധുക്കളോട് ആവശ്യപ്പെടുമെന്നതില്‍ സംശയമില്ല. ജനറല്‍ വാര്‍ഡിന് സര്‍ക്കാര്‍ നിശ്ചയിച്ച 2,300 രൂപ തന്നെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കിക്കൊള്ളണമെന്നുമില്ല. പലവിധ ബില്ലുകള്‍ ചുമത്തി അവര്‍ അമിത ഫീസ് ഈടാക്കിയേക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ കുറവുണ്ട്. അവര്‍ ഇതൊരു അവസരമാക്കുമോയെന്ന് ഭയക്കേണ്ടിയിരിക്കുന്നു.
സ്വകാര്യ ആശുപത്രികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സാ കൊള്ളയുടെ അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നരേന്ദ്ര കൗര്‍. 4.22 ലക്ഷം രൂപയുടെ ചികിത്സാ ബില്‍ രോഗിയുടെ ബന്ധുക്കളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം അടപ്പിച്ച ആശുപത്രി അധികൃതര്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രോഗി മരിച്ച വിവരമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. രോഗി നേരത്തെ തന്നെ മരിച്ചിരിക്കാം. അതു മറച്ചുവച്ച് ബന്ധുക്കളോട് ബില്‍ തുക ഈടാക്കിയതുമാകാം. ഏഴു ലക്ഷത്തിലധികം രൂപയാണ് ആദ്യം ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയിലും സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കേണ്ട നിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും സ്വകാര്യ ആശുപത്രി ഉടമകള്‍ പാലിക്കുന്നില്ല. അമിത നിരക്ക് ഈടാക്കുന്ന ആശുപത്രികളെ തടയാന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. വടക്കേ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ കൊള്ളയുടെ വൈറസുകള്‍ കേരളത്തിലും എത്താതിരിക്കാന്‍ അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും പരാതിപരിഹാരത്തിനും സംവിധാനമുണ്ടാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."