85 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ യുവാവ് അറസ്റ്റില്‍
വണ്ടൂര്‍: ജിദ്ദയില്‍നിന്ന് വാണിയമ്പലം സ്വദേശിയുടെ 85 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ രണ്ടാം പ്രതി പിടിയിലായി. വേങ്ങര കുന്നുംപുറം ഇല്ലിക്കല്‍ ഇസ്മാഈല്‍ ചെമ്പനെ(40)യാണ് വണ്ടൂര്‍ സി.ഐ വി. ബാബുരാജ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ കഴിഞ്ഞ ഏപ്രിലില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പൊലിസിനെ കബളിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ജിദ്ദയില്‍ ബന്ധുവുമൊത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുന്ന വാണിയമ്പലം തച്ചംകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബാങ്കിലടക്കാനും ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്കുവാനുമായി ഒന്നാം പ്രതി മുഹമ്മദലിയെ വിശ്വസിച്ചേല്‍പ്പിച്ച 4,95,000 സൗദി റിയാല്‍(85 ലക്ഷം രൂപ) പ്രതി രണ്ടും മൂന്നും പ്രതികളുമായി പങ്കിട്ടെടുക്കുകയും നാട്ടിലേക്ക് കടക്കുകയുമായിരുന്നു.
മൂന്നാം പ്രതിയായ മേലാറ്റൂര്‍ സ്വദേശിയെ കേസില്‍ പിടികൂടാനുണ്ട്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സി.ഐക്കു പുറമേ, എസ്.ഐ പി. ചന്ദ്രന്, എ.എസ്.ഐ കെ. സത്യന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."