വിഷുവിനും ഈസ്റ്ററിനും റേഷന്‍ ലഭിക്കില്ല; വിതരണം പൂര്‍ത്തിയാക്കാന്‍ ഇനിയും 20 ദിവസം വേണം
ചങ്ങനാശേരി: വിഷുവിനും ഈസ്റ്ററിനും മാത്രമല്ല, വോട്ടെടുപ്പു ദിനത്തില്‍പോലും ഈ മാസത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കു ലഭിക്കില്ല. ഏപ്രില്‍ മാസം വിതരണം ചെയ്യേണ്ട റേഷനരി ഇതുവരേയും ചങ്ങനാശേരി താലൂക്കിലെ ഭൂരിപക്ഷം കടകളിലും എത്തിക്കാന്‍ സപ്ലൈക്കോക്കു കഴിഞ്ഞിട്ടില്ല.
സപ്ലൈക്കോ ഭക്ഷ്യധാന്യം കടകളിലെത്തിക്കാന്‍ തുടങ്ങിയിട്ടു മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ. ഒരു ദിവസം ഏഴുകടകള്ക്കു മാത്രമാണ് അരി എത്തിക്കുന്നത്. ഈ വിധത്തില്‍ താലൂക്കിലെ 169 കടകളില്‍ ഭക്ഷ്യധാന്യം എത്തണമെങ്കില്‍ 20 കഴിയണം.
റേഷന്‍ കയറ്റുന്ന തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലായതിനാല്‍ തൊഴിലാളികളുടെ മെല്ലെപ്പോക്കും ലോറികളുടെ എണ്ണക്കുറവും വിതരണത്തെ ബാധിക്കുന്നുണ്ട്.
ചില കടകളില്‍ പച്ചരിയും പുഴുക്കലരിയും ഉണ്ടെങ്കിലും കുത്തരി ഇല്ലാത്തതിനാല്‍ വിതരണം ചെയ്യാന്‍ കഴിയില്ല. സ്റ്റോക്കു കുറവുള്ള കടകളില്‍ അരി എത്തിക്കുന്നതിനു പകരം പഞ്ചായത്ത് അടിസ്ഥാനത്തിലാണ് വിതരണം.
താലൂക്കില്‍പെട്ട വെള്ളാവൂര്‍ പഞ്ചായത്തില്‍ വിതരണം ആരംഭിച്ചു എങ്കിലും മുനിസിപ്പല്‍ പ്രദേശത്തെ റേഷന്‍ കടകളില്‍ ഈ മാസം അവസാനമേ അരി എത്തുകയുള്ളൂ.
മുന്‍ വര്‍ഷങ്ങളില്‍ വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് സ്പെഷ്യല്‍ പഞ്ചസാര ഉണ്ടായിരുന്നു എങ്കിലും ഇപ്രാവശ്യം അതും ഇല്ല. ഓരോ കടയിലേയും സ്റ്റോക്ക് തിട്ടപ്പെടുത്തി, അരി ഇല്ലാത്ത കടകളില്‍ വിഷുവിനും ഈസ്റ്ററിനും മുമ്പായി അരി എത്തിക്കണമെന്നും, അതു സാധ്യമാകുന്നില്ലെങ്കില്‍ കോംബോ സമ്പ്രദായം ഏര്‍പ്പെടുത്തി കടയില്‍ സ്റ്റോക്കുള്ള ഇഷ്ടമുളള അരി വാങ്ങാന്‍ അനുമതി നല്‍കണമെന്നും ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."