ദേശീയ ദുരന്ത നിവാരണ സേന മടങ്ങി: ഭാരതപ്പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തി
തിരുന്നാവായ: കന്നുകാലികള്‍ക്കായി നിളയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസത്തോടെ പൂര്‍ത്തികരിച്ചു. ശനിയാഴ്ച രാവിലെ ഏഴോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഭാരതപ്പുഴയുടെ തുരുത്തുകളില്‍ നടത്തിയ പരിശോധനയില്‍ പുല്‍മേടുകളില്‍ കുടുങ്ങി കിടന്ന മൂന്ന് പശുക്കളെ രക്ഷപ്പെടുത്തി തിരുന്നാവായ കരയിലെത്തിച്ചു. സേനാഗംങ്ങള്‍ നടത്തിയ തിരച്ചിലില്‍ പുഴയുടെ മറു കരയായ തവനൂരില്‍ നിരവധി പോത്തുകളെ കണ്ടെത്തി.
ഈ പോത്തുക്കൂട്ടങ്ങളെ വെള്ളിയാഴ്ച ദേശീയ ദുരന്ത നിവാരണ സേനയെത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പ് ഉടമകള്‍ കടത്തി കൊണ്ടുപോയതാണ്. വെള്ളിയാഴ്ച അഞ്ചോടെ ആരംഭിച്ച രക്ഷാപ്രാവര്‍ത്തനങ്ങള്‍ ഇന്നലെ ഉച്ചയോടെ അവസാനിച്ചു. അഞ്ച് പശുക്കളെയും ഒരു എരുമയെയുമാണ് ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. ഭാരതപ്പുഴയില്‍ പ്രാണവായുവിന് വേണ്ടി കന്നുകാലികള്‍ പിടയുന്ന വാര്‍ത്ത നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രക്ഷാപ്രാവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി വിവിധ വകുപ്പുകള്‍ക്കൊപ്പം തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കാളികളായി. അസിസ്റ്റന്റ് കമാഡിങ് ഓഫിസര്‍ ടി.എം ജിതീഷിന്റെ നേതൃത്വത്തില്‍ തൃശൂരില്‍നിന്നു എത്തിയ 45 ഓളം സേന അംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
മൃഗ സംരക്ഷണ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബി സുരേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, കുറ്റിപ്പുറം നടുവട്ടം വില്ലേജ് ഓഫിസര്‍ അരുണിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലങ്ങളില്‍ ക്യംപ് ചെയ്തിരുന്നു. പൊന്നാനിയില്‍നിന്നു അഗ്നിശമന സേന അംഗങ്ങളും സ്ഥലത്തെത്തി.
പുഴയില്‍നിന്നു രക്ഷപ്പെടുത്തിയ കന്നുകാലികളെ തിരുന്നാവായ കേന്ദ്രമായി പ്രാവര്‍ത്തിക്കുന്ന ക്ഷീര ഉത്പാദന സംഘത്തിന് താല്‍ക്കാലികമായി കൈമാറി. ഇവയുടെ യഥാര്‍ഥ ഉടമകള്‍ എത്തിയാല്‍ പിഴ ചുമത്തി കന്നുകാലികളെ വിട്ടു നല്‍ക്കുന്നതിനോടൊപ്പം മൃഗ സംരക്ഷണ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. രക്ഷാപ്രാവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടിലേക്ക് ഉടമകളില്‍നിന്ന് തുക ഈടാക്കും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കന്നുകാലിക്കൂട്ടങ്ങള്‍ പുഴയില്‍ കുടുങ്ങിയത്. കന്നുകാലികളെ പുഴയില്‍ തള്ളിയ സംഭവത്തില്‍ ഉടമകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് തവനൂരിലും ,തിരുനാവായയിലും നാട്ടുകാര്‍ ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."