കാന്‍സര്‍, വൃക്ക രോഗികള്‍ ദുരിതത്തില്‍
കരുനാഗപ്പള്ളി: ഓച്ചിറ ചങ്ങന്‍കുളങ്ങര ബ്ലോക്ക് ഓഫിസിനു കിഴക്കുവശത്തായി ഏക്കറുകണക്കിനു വിസ്തൃതിയുള്ള പ്ലാങ്ങോട്ടു വയല്‍ കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി. ഇതിന് സമീപം താമസിയ്ക്കുന്ന അഞ്ചോളം വീട്ടുകാര്‍ വെള്ളക്കെട്ടുമൂലം ഭീഷണിയിലാണ്. കഴിഞ്ഞ ഒരു മാസക്കാലമായി തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ കാരണം വീടിനു പുറത്തിറങ്ങാന്‍ കഴിയത്തവിധത്തിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്.
കിണറ്റിലെ വെള്ളം മലിനമായതോടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പറ്റാത്തവിധം വീട്ടുകാര്‍ ദുരിതത്തിലാണ്. അഞ്ചുവര്‍ഷങ്ങളായി റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയില്‍ കഴിയുന്ന സുശീല (50), വൃക്കരോഗിയായ ജാനകി, ഹൃദ്രോഗിയും പാമ്പുകടിയേറ്റ് കാല് വ്രണമായി ചികിത്സയിലുള്ള പദ്മനാഭനും എല്ലാം വെള്ളക്കെട്ടുമൂലം പുറത്തിറങ്ങാറില്ല.
മുട്ടിനു മുകളില്‍ വെള്ളമുള്ളതിനാല്‍ സ്കൂളില്‍ പോകുമ്പോള്‍ വസ്ത്രവുമായി വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു വന്ന് വസ്ത്രം മാറിയാണ് പ്ലസ്വണ്ണിനും ഒന്‍പതിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകുന്നത്.
പ്ലാങ്ങോട്ടു വയലിലെ വെള്ളം ഒഴുകിപ്പോകുന്ന ഓടയ്ക്ക് മുകളില്‍ സമീപവാസി തൊഴുത്തുപണിയുകയും ശക്തമായ മഴയില്‍ തൊഴുത്ത് ഇടിഞ്ഞുതകര്‍ന്നത് മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതുമാണ് വെള്ളം കെട്ടി നില്ക്കാന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബി.ജെ.പി നേതൃത്വത്തില്‍ പഞ്ചായത്തു മെംബറെയും വില്ലേജ് ഓഫിസറെയും സംഭവസ്ഥലത്ത് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ആര്. രാമചന്ദ്രന് എം.എല്‍.എയും തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ച് അഞ്ചു വീടുകളില്‍ താമസിയ്ക്കുന്ന 18 പേരെയും സമീപത്തെ വേലുക്കുട്ടി സ്മാരകത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഉടന്‍തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."