അടയ്ക്കയുടെ കൊഴിഞ്ഞുവീഴല്‍; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ബദിയഡുക്ക: അടയ്ക്ക കൊഴിഞ്ഞു വീഴുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലം കമുകിന് തോട്ടങ്ങളില്‍ പച്ച അടയ്ക്ക അപ്പാടെ നിലംപൊത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കര്‍ഷകര്‍ക്ക് കണ്ണീരോടെ നോക്കിനില്ക്കാനെ കഴിയുന്നുള്ളു.
നേരത്തെ തുടങ്ങിയ മഴയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു സബ്സിഡി ഇനത്തില്‍ ലഭിക്കേണ്ട തുരിശ് ചുണ്ണാമ്പും യഥാസമയം ലഭിക്കാത്തതു മൂലവും കര്‍ഷകരില്‍ പലര്‍ക്കും സമയ ബന്ധിതമായി കമുങ്ങിന് മരുന്നു തെളിക്കാന്‍ കഴിയാതെ വന്നു. അതു കൊണ്ടു തന്നെ കമുങ്ങിന് കീടബാധ പിടിപെട്ടതായി കര്‍ഷകര്‍ പറയുന്നു.
ഒരു വശത്ത് മഹാളിരോഗം കാരണവും മറ്റൊരു വശത്ത് പ്രത്യേകതരം കീടബാധമൂലവും അടയ്ക്ക പച്ചക്കു തന്നെ കൊഴിഞ്ഞു പോവുകയാണ്.
കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ബദിയഡുക്ക, എന്മകജെ, കുമ്പഡാജെ, ബെള്ളുര്‍, പുത്തിഗെ, ദേലംപാടി പഞ്ചായത്ത് പരധിയിലും കര്‍ണാടകയിലെ വിട്ട്ള, സുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലും പകര്‍ച്ചവ്യാധി പോലെയാണ് അടയ്ക്ക കൊഴിഞ്ഞു പോകുന്നത്. ഇതുമൂലം ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് വായ്പ തിരിച്ചടക്കുവാന്‍ കഴിയിതെ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നത്. അടയ്ക്ക കൊഴിഞ്ഞതു മൂലം നാശം സംഭവിച്ച കര്‍ഷകര്‍ക്കു സാമ്പത്തിക സഹായം നല്കാന് വകുപ്പ് അധികൃതരും സര്‍ക്കാരും തയാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."