ബി.ജെ.പിക്ക് തിരിച്ചടി; ഗോവ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യകക്ഷി; ലോക്‌സഭയില്‍ കോണ്‍ഗ്രസിനൊപ്പം
പഞ്ചിം: ബി.ജെ.പി നേതൃത്വത്തിലുള്ള ഗോവന്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). 'ദ ഹിന്ദു' ദിനപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏപ്രില്‍ 23ന് നടക്കുന്ന മപുസ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി മേധാവി ദീപക് ധവാലികര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് ഉടന്‍ കത്തയക്കുമെന്ന് ധവാലിക്കര്‍ പറഞ്ഞു. പ്രമോദ് സാവന്തിന് മുഖ്യമന്ത്രിയെ പോലെ പെരുമാറാന്‍ അറിയില്ലെന്ന് ധവാലിക്കര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
'വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. എന്നാല്‍ അവര്‍ അച്ചടക്കം കാണിക്കണം. എല്ലാ ബി.ജെ.പി സ്ഥാനാര്‍ഥികളേയും ഞങ്ങള്‍ പരാജയപ്പെടുത്തും. എം.ജി.പിയെ വിഘടിപ്പിച്ചതിനും മുതിര്‍ന്ന നേതാവ് സുദിന്‍ ധവാലിക്കറിനെ സഖ്യകക്ഷി സര്‍ക്കാറില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയതിനും ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കും' ധവാലിക്കര്‍ പറയുന്നു.
പ്രമോദ് സാവന്ത് ഗോവന്‍ മുഖ്യമന്ത്രിയായയുടന്‍ സുദിന്‍ ധവാലിക്കര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ സുദിനെ പുറത്താക്കുകയും, രണ്ട് എം.ജി.പി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോവുകയും ചെയ്തിരുന്നു. മൂന്ന് എം.എല്‍.എമാരുണ്ടായിരുന്ന എം.ജി.പിയുടെ നിയമസഭയിലെ അംഗബലം അതോടെ ഒന്നിലേക്ക് ചുരുങ്ങിയിരുന്നു.
എം.ജി.പി പിന്തുണ പിന്‍വലിക്കുന്നതോടെ 36 അംഗ ഗോവന്‍ നിയമസഭയില്‍ ബി.ജെ.പി സഖ്യകക്ഷി എം.എല്‍.എമാരുടെ എണ്ണം 20 ആയി ചുരുങ്ങും. 14 ബി.ജെ.പി എം.എല്‍.എമാരെ കൂടാതെ മൂന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എം.എല്‍.എമാരുടേയും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിനും സംസ്ഥാനത്ത് 14 എം.എല്‍.എമാരുണ്ട്. 40 സീറ്റുകളുള്ള ഗോവന്‍ നിയസഭയില്‍ നാലു സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇനിയും നടക്കാനിരിക്കെ എം.ജി.പി പിന്തുണ പിന്‍വലിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."