പബ്ജിയുടെ അവസാന ഡിന്നര്‍ ഒരുങ്ങുന്നു: പബ്ജി അടക്കം 275 ആപ്പുകള്‍ കൂടി നിരോധിക്കും
ബംഗളൂരു: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ വമ്പന്‍ ആപ്പ് നിരോധനത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനപ്രിയ ഗെയിമിങ് ആപ്പായ പബ്ജി അടക്കമുള്ള 275 ആപ്പുകളാണ് നിരീക്ഷണത്തിലുള്ളത്. ദേശസുരക്ഷ, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയില്‍ എന്തെങ്കിലും വീഴ്ചയുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. ആദ്യഘട്ട പരിശോധനയില്‍ പബ്ജി, ഷവോമിയുടെ സിലി, ടെന്‍സെന്റ്, അലിഎക്‌സ്പ്രസ് തുടങ്ങിയ ആപ്പുകള്‍ നിരോധിക്കേണ്ട പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ പട്ടികയിലുള്ള എല്ലാം നിരോധിക്കാനും ചിലത് മാത്രം നിരോധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന ഗുരുതരമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ടിക് ടോക് അടക്കം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന 59 ആപ്പുകളാണ് നിരോധിച്ചത്. ജൂണ്‍ 15ന് ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ആപ്പുകളുടെ നിരോധനം.
ചൈനീസ് നിര്‍മിതമോ, കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതോ, ഫണ്ട് ചെയ്യുന്നതോ ആയ ആപ്പുകളാണ് നിരോധിക്കേണ്ട പട്ടികയില്‍ പുതുതായുള്ളത്. ഷവോമിയുടെ 14 എം.ഐ ആപ്പുകള്‍, ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്മാരായ മൈതു, എല്‍.ബി.ഇ ടെക്, പെര്‍ഫെക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് കോര്‍പ്, യൂസൂ ഗ്ലോബര്‍ തുടങ്ങിയവയ്ക്ക് കീഴിലുള്ള ആപ്പുകളും നിരീക്ഷണത്തിലാണ്.
പബ്ജി കൊറിയന്‍ നിര്‍മിതമാണെങ്കിലും ഇതിന്റെ മൊബൈല്‍ വേര്‍ഷന്‍ ഡെവലപ്പ് ചെയ്തത് ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായി ചേര്‍ന്നാണ്. ഇതാണ് ചൈനീസ് നിര്‍മിതമല്ലെങ്കിലും പബ്ജി പട്ടികയില്‍ പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."