ഉമ്മയെ കാണാന്‍ തടവുകാരന് പരോളില്ല; അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
കണ്ണൂര്‍: മരണത്തിനു മുന്‍പ് ഉമ്മയെ കാണാന്‍ തടവുകാരന് എസ്കോര്‍ട്ട് പരോള്‍ അനുവദിക്കാത്ത സംഭവത്തില്‍ ജയില്‍ മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ വയനാട് ജില്ലയിലെ മുഹമ്മദ് മുസ്തഫയെയാണ് ഉമ്മയെ കാണാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ തന്നോടൊപ്പം ശിക്ഷിച്ച കേസിലെ ഒന്നാംപ്രതിക്കു ഭാര്യയെയും കുട്ടിയെയും കാണാന്‍ എസ്കോര്‍ട്ട് പരോള്‍ അനുവദിച്ചതായി പരാതിക്കാരന് കമ്മിഷനെ അറിയിച്ചു. തനിക്ക് ഉമ്മയെ കാണാനോ ഭൗതിക ശരീരം കാണാനോ അവസരം നല്‍കിയില്ല.
കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണു പരാതിക്കാരന്. ആറുവര്‍ഷമായി തടവില്‍ കഴിയുന്നു. ഏഴുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പരോള്‍ അനുവദിക്കൂ എന്നാണു ജയില്‍ അധികൃതരുടെ നിലപാട്. ഗുരുതരരോഗം ബാധിച്ച വിവരമറിഞ്ഞ് ഉമ്മയെ കാണാന്‍ പരോള്‍ ചോദിച്ചിട്ട് നല്‍കിയില്ല. സംഭവത്തില്‍ കമ്മിഷന് കല്‍പ്പറ്റ ഡിവൈ.എസ്.പിയില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങി. പൊലിസ് റിപ്പോര്‍ട്ട് പരാതിക്കാരന് അനുകൂലമായിരുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന് കൊലചെയ്ത സ്ത്രീയുടെ മകനും ഭര്‍ത്താവും പരോള്‍ അനുവദിക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജയില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂര്‍ സിറ്റിങ്ങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."