തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനമേറ്റതായി ആരോപണം
തൊടുപുഴ : സ്വകാര്യ ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കിയ യുവാക്കളെ പൊലിസ് പിടികൂടി ക്രൂരമായി മര്‍ദിച്ചതായി ആരോപണം.
തൊടുപുഴ പൊലിസ് സ്റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച മര്‍ദനം അര്‍ദ്ധരാത്രി പിന്നിടും വരെ തുടര്‍ന്നതായും കോണ്‍സ്റ്റബിള്‍മാരില്‍ തുടങ്ങിയ മര്‍ദനം തുടര്‍ന്ന് എസ്.ഐയും സി.ഐയും ഏറ്റെടുക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യുവാക്കള്‍ പറഞ്ഞു. കരിമണ്ണൂര്‍ സ്വദേശികളായ വെട്ടിപ്ലാക്കല്‍ ഷാനു നാസര്‍ (19), വേളൂപറമ്പില്‍ ആഷിക് ഹമീദ് (20), അമ്പലക്കാട്ട് ദീപു അഭിലാഷ് (20) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മൂവരും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബസ് സ്റ്റാന്റില്‍ ബഹളം വച്ചവരെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് പൊലിസ് വിശദീകരണം. വൈദ്യപരിശോധന സമയത്ത് ഇവര്‍ക്ക് മര്‍ദനമേറ്റതായി പറഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
സംഭവത്തെകുറിച്ച് യുവാക്കള്‍ പറയുന്നത് ഇങ്ങനെയാണ്. ബസ് സ്റ്റാന്റില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാരുമായി ചെറിയ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് ബസ് ജീവനക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി മൂവരെയും പൊലിസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍മാരുടെ നേതൃത്വത്തില്‍ മര്‍ദനം തുടങ്ങി. പിന്നീട് എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഒടുവില്‍ സി.ഐ മര്‍ദിച്ചതോടെ ഇവരില്‍ ആഷിക് തലകറങ്ങി സ്റ്റേഷനില്‍ വീഴുകയായിരുന്നുവത്രെ. വീടുകളിലേക്ക് ഫോണ്‍ വിളിക്കുന്നതിനോ മറ്റാരെയെങ്കിലും വിവരം അറിയിക്കുന്നതിനോ പൊലിസ് അനുവദിച്ചില്ല. ആഷിഖിന്റെ നട്ടെല്ലിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് പറഞ്ഞ് ഇവര്‍ കരഞ്ഞെങ്കിലും പൊലിസ് കരുണ കാട്ടിയില്ലെന്ന് ഇവര്‍ പറഞ്ഞു.
മൂവരും അവശരായി തറയില്‍ വീഴുന്ന അവസ്ഥയായപ്പോള്‍ പൊലിസ് തന്നെ അര്‍ദ്ധരാത്രിയോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. തിരിച്ച് സ്റ്റേഷനില്‍ എത്തിച്ചശേഷം ഇവരെ മദ്യപാനികളാക്കുവാനുള്ള നീക്കം നടന്നുവെന്നും യുവാക്കള്‍ പറഞ്ഞു. രാത്രി 12നു വീട്ടുകാരെ അറിയിച്ചാണ് ഇവരെ ജാമ്യത്തിലിറക്കിയത്.
വീട്ടില്‍ ചെന്നപ്പോള്‍ ശരീരമാസകലം വേദന അനുഭവപ്പെട്ട് അവശ നിലയിലായതോടെയാണ് മൂവരെയും താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കൂടെ കസ്റ്റഡിയില്‍ എടുത്ത പോര്‍ട്ടറെ പൊലിസ് വളരെ മാന്യമായ രീതിയില്‍ സ്‌റ്റേഷനില്‍ പ്രത്യേക ഇരിപ്പിടം വരെ ക്രമികരിച്ച് നല്‍കിയതായും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."