വോട്ടെടുപ്പ് കാര്യക്ഷമമാക്കാന്‍ 'പോള്‍ മാനേജര്‍'
കണ്ണൂര്‍: വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കാനും അവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും ഉതകുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വി.വി പാറ്റ് മെഷീനും ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്നു പുറപ്പെടുന്നതു മുതല്‍ വോട്ടിങ് അവസാനിച്ചു തിരികെ സ്വീകരണ കേന്ദ്രത്തിലെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ മേലധികാരികളെ അറിയിക്കുന്നതിനാണ് പോള്‍ മാനേജര്‍ ആപ്പ്.
പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടര്‍ ഓഫിസര്‍ എന്നിവര്‍ക്കു ഈ ആപ്പ് ഉപയോഗിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം വിതരണ കേന്ദ്രങ്ങളില്‍ ലഭ്യമാകും. സെക്ടറല്‍ ഓഫിസര്‍ക്ക് തന്റെ കീഴിലെ എല്ലാ ബൂത്തുകളുടെയും വിവരങ്ങള്‍ ആപ്പില്‍ കാണാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."