മണ്ഡലം ഒന്ന്; രണ്ടു സ്ഥാനാര്‍ഥികളെ പിന്തുണച്ച് സി.പി.എം
പി.എം മുരളി
മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യണമെന്ന വിചിത്ര നിലപാടുമായി സി.പി.എം. സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലത്തിലെ പുതുച്ചേരി, കാരിക്കല്‍, യാനം റീജ്യനുകളിലെ 29 നിയമസഭാ മണ്ഡലങ്ങളില്‍ ഡി.എം.കെ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് സി.പി.എം പിന്തുണക്കുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയിലാണു സി.പി.എം. എന്നാല്‍ പുതുച്ചേരിയിലെ മറ്റൊരു നിയമസഭാ മണ്ഡലമായ മാഹിയില്‍ സിനിമാതാരം കമലഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥിയെ ആണ് സി.പി.എം പിന്തുണക്കുന്നത്. എന്നാല്‍ മുന്നണിയിലുള്ള സി.പി.ഐ മാഹിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആണ് പിന്തുണയ്ക്കുന്നത്. ഒരു ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എമ്മിന്റെ രണ്ടു നിലപാട് തമിഴ്‌നാട്ടിലെ ഡി.എം.കെ മുന്നണിയില്‍ അസ്വാസ്ഥ്യമുണ്ടാക്കും.
ഡി.എം.കെ സഖ്യത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എ.ഐ.ഡി.എം.കെ സഖ്യത്തിലുള്ള എന്‍.ആര്‍ കോണ്‍ഗ്രസിലെ ഡോ. കെ. നാരായണസ്വാമിയും തമ്മിലാണു പുതുച്ചേരിയില്‍ പ്രധാന മത്സരം. എം.എ സുബ്രമണ്യമാണു മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി. മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥിക്കാണു തങ്ങളുടെ വോട്ടെന്നു സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരി സംസ്ഥാനത്താണെങ്കിലും മാഹിയിലെ സി.പി.എം കമ്മിറ്റികള്‍ കേരളഘടകത്തിന്റെ കീഴിലാണ്.
എന്‍.ആര്‍ കോണ്‍ഗ്രസിലെ ആര്‍. രാധാകൃഷ്ണനാണ് പുതുച്ചേരിയിലെ സിറ്റിങ് എം.പി. ചുവരെഴുത്തും ബോര്‍ഡുകളുമില്ലാതെയാണു മാഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പുതുച്ചേരി സര്‍ക്കാരും ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അധികാര വടംവലിയാണു മാഹി ഉള്‍പ്പെടുന്ന പുതുച്ചേരിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയം. പുതുച്ചേരിക്കു പൂര്‍ണ സംസ്ഥാനപദവി നല്‍കാന്‍ തടസമില്ലെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനം പ്രചാരണ ആയുധമാക്കാനാണ് ഒരു ലോക്‌സഭാ മണ്ഡലം മാത്രമുള്ള പുതുച്ചേരിയിലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. വൈദ്യലിംഗം കഴിഞ്ഞദിവസം മാഹിയിലെത്തി പ്രചാരണം നടത്തിയിരുന്നു. നാരായണ സ്വാമിയും സുബ്രഹ്മണ്യവും പ്രചാരണത്തിനായി ഇന്നലെ മാഹിയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."