കണിവെള്ളരിയില്‍ വേണുഗോപാലിന് നൂറുമേനി
ചെറുപുഴ: വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരി കൃഷി ചെയ്ത് നൂറുമേനി വിളയിച്ചിരിക്കുകയാണു പലേരി വേണുഗോപാല്‍ എന്ന കര്ഷകന്. പെരിങ്ങോം കെ.പി നഗറില്‍ 40 സെന്റ് സ്ഥലത്താണ് ഇദ്ദേഹം വെള്ളരിയും മത്തനും വിളയിച്ചെടുത്തത്. വിഷുക്കണി ഒരുക്കാന്‍ വേണ്ട വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളരിക്ക. അതുകൊണ്ട് തന്നെ കണിവെള്ളരി എന്നു പറയും. വേണുഗോപാലന്റെ കൃഷിയിടം ദൂരെ നിന്നു നോക്കിയാല്‍ ഒന്നും കാണാനില്ല. പക്ഷേ അടുത്തെത്തുമ്പോഴാണ് വിളഞ്ഞുനില്‍ക്കുന്ന മത്തനും വെള്ളരിയും കാണാന്‍ സാധിക്കുക.
പച്ച പടര്‍പ്പുകള്‍ക്കിടയില്‍ മഞ്ഞപുള്ളികുത്തിയ വെള്ളരിയും മത്തനും വിളഞ്ഞുകിടക്കുന്നതു കണ്ടാല്‍ കാര്‍ഷിക സംസ്കൃതിയെക്കുറിച്ച് അല്പമെങ്കിലും ഗ്രാഹ്യമുള്ളവര്‍ക്കു കുളിരുകോരും. വര്‍ഷങ്ങളായി പച്ചക്കറി കൃഷിയും വാഴ കൃഷിയും ചെയ്തുവരുന്ന വേണുവിനു വെള്ളരി കൃഷി ആദ്യാനുഭവമാണ്. പാവലും പയറും ഒക്കെ നട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യം. എങ്കിലും തന്റെ അധ്വാനത്തിന്റെ ഫലം എന്തായാലും ലഭിക്കാതിരിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹം കൃഷിക്കു തുടക്കമിട്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ വിളഞ്ഞതു പൊന്നുതന്നെ 50 ക്വിന്റലോളം വെള്ളരിക്ക ലഭിച്ചു. അതുപോലെ മത്തന്റെ വിളവും മോശമല്ല. വിഷുവിന്റെ സീസണിന് പറിച്ചാല്‍ നല്ല വിലകിട്ടുമെന്ന വേണുവിന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ച് വെള്ളരിക്ക് വില വളരെ കുറഞ്ഞുപോയി. ഇപ്പോള്‍ കിലോയ്ക്ക് പത്ത് രൂപയാണു ലഭിക്കുന്നത്. മത്തന്‍ പതിനാലും. എങ്കിലും കൃഷിക്കു പണി കുറവായതിനാല്‍ നഷ്ടംവരാതെ രക്ഷപ്പെട്ടുവെന്നാണു കര്ഷകന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."