വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസ ലിസ്റ്റ്; സി.പി.ഐ - സി.പി.എം തര്‍ക്കം
കാക്കനാട്: വഴിയോര കച്ചവടക്കാരുടെ പുനരധിവാസ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയതിനെ ചൊല്ലി തൃക്കാക്കര നഗരസഭയില്‍ സി.പി.ഐ സി.പിഎം നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം. നഗരസഭ പ്രദേശത്ത് നിലവില്‍ കച്ചവടം നടത്തുന്നത് പരമാവധി 150 പേരാണെന്നിരിക്കെ കുടുംബശ്രി മുഖേന തയ്യാറക്കിയ ലിസ്റ്റില്‍ 400 പേര്‍ കടന്നുകൂടിയെന്നാണ് ഇടത് തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി നേതാക്കളുടെ ആരോപണം.
2014ലെ വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൃക്കാക്കര നഗരസഭ ലിസ്റ്റ് തയ്യാറാക്കിയത്. വഴിയോര കച്ചവടവുമായി ബന്ധമില്ലാത്തവരാണ് ലിസ്റ്റില്‍ കടന്നു കൂടിയവരില്‍ ഭൂരിപക്ഷവും.
റോഡിന്റെ പാര്‍ശ്വഭാഗങ്ങള്‍, നാല്‍ക്കവലകള്‍, ചന്തകള്‍, ഇടവഴികള്‍, നടപ്പാതകള്‍ തുടങ്ങി നാനാവിധ ഇടങ്ങളില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കൗണ്‍സിര്‍മാര്‍ തിരുകി കയറ്റിയ ലിസ്റ്റ് അംഗീകരിക്കില്ലെന്ന് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി. ലിസ്റ്റിനെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ വിപുലമായ അധികാരമുള്ള നഗര കച്ചവട കമ്മിറ്റി (ടൗണ്‍ വെന്റിങ് കമ്മിറ്റി)യില്‍ നിന്ന് സി.പി.ഐ പ്രതിനിധികളെ ഒഴിവാക്കിയെന്നും നേതാക്കള്‍ പഞ്ഞു.സി.പി.ഐ പ്രതിനിധികളെ ഒഴിവാക്കി ലിസ്റ്റ് അംഗീകരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
കച്ചവടത്തേയും കച്ചവടക്കാരനേയും വേര്‍തിരിക്കാനും സര്‍വേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാരെ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി നഗരസഭയുടെ അധികാരത്തിന്‍ കീഴില്‍ നഗര കച്ചവടക്കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശിച്ചിരുന്നു. വിപുലമായ അധികാരങ്ങളാണ് നഗരക്കച്ചവട കമ്മിറ്റിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായും സെക്രട്ടറി കണ്‍വീനറുമായി രുപീകരിച്ച നഗരകച്ചവട കമ്മിറ്റിയില്‍ വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) പ്രതിനിധിയിയെ ഉള്‍പ്പെടുത്താതെ ലിസ്റ്റ് അംഗീകരിക്കാനുള്ള സി.പി.എം നീക്കമാണ് വിവാദമായിരിക്കുന്നത്.
കച്ചവടത്തിന് സ്ഥിരമേഖലയും നിയന്ത്രണ മേഖലയും നിരോധിതമേഖലയും നിയന്ത്രിക്കുന്നതിനുള്ള അധികാരം, തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുക, വഴിയോരക്കച്ചവടക്കാര്‍ കച്ചവട സ്ഥലം മാറുന്നതും ഇതനുസരിച്ച് ലൈസന്‍സ് നല്‍കുക തുടങ്ങി നിര്‍ണായക അധികാരമുള്ള കച്ചവട കമ്മിറ്റിയില്‍ നിന്നാണ് സി.പി.ഐ പുറത്തായത്. അഞ്ചുവര്‍ഷത്തെ കാലാവധിയിലുള്ള കമ്മിറ്റിക്ക് നഗരസഭ പ്രദേശത്ത് അനധികൃതമായി ഷെഡുകള്‍ കെട്ടി വാടക്ക് നല്‍കിയിരിക്കുന്നതും നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കാനും അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."