മലമ്പുഴഡാമിലെ വെള്ളം നിളയില്‍ എത്തിത്തുടങ്ങി; നീരൊഴുക്ക് കൂടി
പട്ടാമ്പി: വേനല്‍രൂക്ഷമായതോടെ വറ്റിവരണ്ടു നീര്‍ച്ചാലായി കിടന്നിരുന്ന നിളയില്‍ മലമ്പുഴഡാമിലെ വെള്ളം എത്തിയതോടെ നീരൊഴുക്ക് കൂടി. കുടിവെള്ളക്ഷാമം നേരിട്ട തീരപ്രദേശവാസികള്‍ക്ക് ഇത് ഏറെ ആശ്വാസവുമായി. കര്‍ഷകര്‍ക്ക് നിലവിലെ പച്ചക്കറികള്‍ക്കും നെല്‍കൃഷിക്കും ആവശ്യമായ വെള്ളം ഭാരതപ്പുഴയില്‍ നിന്ന് എടുക്കാനും ഇതോടെ സാധ്യമായിട്ടുണ്ട്്. കാരക്കാട് ചെങ്ങണാംകുന്ന് തടയണയിലുണ്ടായിരുന്ന വെള്ളവും കുറഞ്ഞതോടെ കഴിഞ്ഞയാഴ്ചവരെ വെള്ളക്ഷാമം രൂക്ഷമായിരുന്നു. പട്ടാമ്പി നഗരസഭ പരിധിയിലും സമാനരീതിയിലായിരുന്നു.
കുടിവെള്ളക്ഷാമം നേരിട്ടസാഹചര്യത്തില്‍ ക്വാറികളില്‍ നിന്ന് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതികളും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയിരുന്നു. പട്ടാമ്പി താലൂക്ക് പരിസരങ്ങളില്‍ വേനല്‍മഴ ലഭിക്കാത്തതും കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയിരുന്നു. അത് കൊണ്ട് തന്നെ മലമ്പുഴഡാം തുറന്ന് വെള്ളമെത്തിക്കാനുള്ള കര്‍ഷകരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ട വകുപ്പധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം ഡാം തുറന്നത്.
വിഷു ആഘോഷത്തോടനുബന്ധിച്ച് കണിവെള്ളരികളടക്കം കൃഷി ചെയ്ത വേനല്‍ക്കാലത്തെ പച്ചക്കറി കര്‍ഷകര്‍ക്കും വെള്ളക്ഷാമം നേരിട്ടതിനാല്‍ വേണ്ടത്രരീതിയിലുള്ള വിളവെടുപ്പും നടന്നിട്ടില്ല. അതെ സമയം നിലവിലുണ്ടായിരുന്ന കൃഷികള്‍ക്ക് വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ ആശ്വാസമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."