പുരയിടത്തിലെ മരങ്ങള്‍ മുറിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്
പുന്നയൂര്‍ക്കുളം: പുരയിടത്തില്‍ അതിക്രമിച്ചു കയറി മരങ്ങള്‍ മുറിച്ചെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ വടക്കേകാട് പൊലിസ് കേസെടുത്തു. ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളായ താണിശേരി ലക്ഷ്മണന്‍ (60), വള്ളിക്കാട്ടിരി സോമന്‍ (55), കണ്ടമ്പുള്ളി രാജന്‍ (50) എന്നിവര്‍ക്കെതിരേയും പേരോത്ത് രാജന്‍ (55), കണ്ടാലറിയാവുന്ന തമിഴ് തൊഴിലാളിക്കുമെതിരെയാണ് ആല്‍ത്തറ പുതിയേടത്ത് പുഷ്പകം വീട്ടില്‍ പുരുഷോത്തമന്‍ നമ്പീശന്റെ പരാതിയില്‍ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അഞ്ചംഗ സംഘം പറമ്പില്‍ അതിക്രമിച്ചു കയറി അയിനി, പന മരങ്ങള്‍ മുറിച്ചുമാറ്റിയത്. വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്.
രണ്ടു ദിവസം മുന്‍പ് മരം മുറിക്കാന്‍ എത്തിയപ്പോള്‍ പുരുഷോത്തമന്റെ വീട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, തര്‍ക്കമുള്ളതിനാല്‍ മരം മുറിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
ഗോവിന്ദപുരം ക്ഷേത്രത്തിലെ കഴകക്കാനായിരുന്ന നമ്പീശന്‍ കുടുംബം 50 സെന്റോളം ക്ഷേത്രഭൂമി കയ്യേറിയെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ആരോപണം. ക്ഷേത്ര ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുവേണ്ടി മുറിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിനു വേണ്ടി മരം മുറിച്ചത് അറിഞ്ഞില്ലെന്നു മലബാര്‍ ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
ക്ഷേത്രത്തിലേക്കു കിഴക്കുള്ള പ്രധാന വഴിക്കു പുറമെ വടക്കുഭാഗത്തു നടവഴി വീതികൂട്ടാന്‍ 2013ല്‍ നമ്പീശന്‍ കുടുംബത്തിന്റെ പുരയിടത്തിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ചിരുന്നു.
ഈ സംഭവത്തില്‍ 50 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. തങ്ങളുടെ കൈവശത്തിലിരിക്കുന്ന ഭൂമിക്കു രേഖകളുണ്ടെന്നും കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചിരുന്നതായും നമ്പീശന്റെ കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."