നിയന്ത്രണമില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം
പുതുനഗരം: വേനല്‍ ശക്തമായി നിയന്ത്രണമില്ലാതെ കുഴല്‍കിണര്‍ നിര്‍മാണം തകൃതി.കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂര്‍, പുതുനഗരം, കൊടുവായൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങളില്ലാതെ കുഴല്‍കിണര്‍ നിര്‍മാണം വര്‍ധിച്ചിട്ടുള്ളത്. കുഴല്‍കിണറുകള്‍ സ്ഥാപിക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഭൂഗര്‍ഭജല അതോറിറ്റിയുടെയം അനുവാദം വേണമെന്നിരിക്കെ, അനുവാദമൊന്നുമില്ലാതെയാണ് മിക്ക പ്രദേശങ്ങളിലും കുഴല്‍കിണര്‍ കുഴിക്കുന്നത്.
നാലര ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വ്യാസത്തിലുള്ള കുഴല്‍കിണറുകളാണ് കൊല്ലങ്കോട് മേഖലയില്‍ കുഴുിച്ചുനല്‍കുന്നത്. മധുര, തിരുനല്‍വേലി, കോയമ്പത്തൂര്‍, പഴനി, ദിണ്ടിക്കല്‍ എന്നീ പ്രദേശങ്ങളില്‍നിന്ന് കുഴല്‍കിണര്‍ നിര്‍മാണ വാഹനങ്ങളുമായെത്തുന്നവര്‍ കൊല്ലങ്കോട്, കൊടുവായൂര്‍, ചിറ്റൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തമ്പടിച്ചാണ് നിര്‍മാണത്തിനുള്ള ഓര്‍ഡറുകള്‍ ശേഖരിക്കുന്നത്. പ്രദേശത്തെ ഇലക്ട്രിക് ഷോപ്പുകളുമായി ബന്ധപെട്ടാണ് കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡറുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ തവണ 900 അടി താഴ്ച്ചയില്‍ വരെ ചെമ്മണാമ്പതിയില്‍ കുഴര്‍കിണര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ 500-700 അടിയാകുന്നതിനു മുന്‍പേ വെള്ളം ലഭ്യമാകുന്നുണ്ട്. സര്‍ക്കാര്‍ അനുവാദം വാങ്ങേണ്ടത് സ്ഥലം ഉടമയാണെന്നും കുഴല്‍ കിണര്‍ നിര്‍മിച്ചു നല്‍കുകമാത്രമാണ് തങ്ങളുടെ ജോലിയെന്നും മധുരയില്‍നിന്നും എലവഞ്ചേരിയിലെത്തി കുഴല്‍കിണര്‍ സ്ഥാപിക്കുന്ന ഏജന്റ് പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ മിനി കുടിവെള്ള പദ്ധതികള്‍ക്കു സമീപങ്ങളിലായി സ്വകാര്യ വ്യക്തികള്‍ കുഴല്‍കിണര്‍ സ്ഥാപിക്കുന്നതുമൂലം ഭൂഗര്‍ഭ ജലവിധാനം തകരാറിലാവുകയും ഇതുമൂലം പൊതു ജലവിതരണം നിലച്ച സംഭവങ്ങള്‍ വരെയുണ്ടായിട്ടും അധികൃതര്‍ അനിയന്ത്രിയമായ കുഴല്‍കിണറുകളുടെ നിര്‍മാണത്തിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് കൊല്ലങ്കോട്ടിലെ പരിസ്ഥിതി സംഘനടകള്‍ ആരോപിക്കുന്നുണ്ട്.
കൃഷിയാവശ്യത്തിനായി കുഴല്‍കിണര്‍ സ്ഥാപിക്കുകയും സൗജന്യ വൈദ്യുതി ഉപയോഗിച്ച് അനാവശ്യമായി വന്‍തോതില്‍ വെള്ളം നെല്‍പാടങ്ങളില്‍ കെട്ടിനിര്‍ത്തിയത് വടവന്നൂരില്‍ കഴിഞ്ഞയാഴ്ച്ച് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരുന്നു. അനാവശ്യമായി ഭൂഗര്‍ഭജലം ഇല്ലാതാക്കുന്നത് പരിസരങ്ങളിലെ കിണറുകളിലെ ഭൂഗര്‍ഭജലം താഴ്ന്നുപോകുന്നതിനു ചിലര്‍ കാരണമാകുന്നുവെന്ന പേരിലാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്.
ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ആരുംതന്നെ കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിലെ നിയമപരമായ പരിശോധനകള്‍ നടത്താറില്ലന്ന ആരോപണമുണ്ട്. അനിയന്ത്രിതമായി കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിനെതിരേ തദ്ദേശ സ്ഥാപനങ്ങളും ഭൂഗര്‍ഭജല വകുപ്പും ഇപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."