ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പൊലിസിന് ശുപാര്‍ശ ചെയ്യാം
തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലിസിന് കൂടുതല്‍ ചുമതല നല്‍കി ഉത്തരവിറങ്ങി.
എന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനമെടുക്കാം.
ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അവ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാമൂഹിക അകല പാലനം, മാസ്‌ക് ധരിക്കല്‍, ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്തല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കല്‍ തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ പൊലിസ് ഉറപ്പാക്കണം.
ഒരു പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പൊലിസ് മേധാവി ഇത് സംബന്ധിച്ച ശുപാര്‍ശ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കുകയും ജില്ലാ മജിസ്‌ട്രേറ്റ് അത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും വേണം.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലേക്കും കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുമുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ജില്ലാ പൊലിസ് തീരുമാനിച്ച് ഈ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഈ മാര്‍ഗങ്ങളിലൂടെ മാത്രമാണെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
അതേ സമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്തും. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കേരള പൊലിസ് ഹൗസിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുക. ഇതിനായി 14 ജില്ലകളിലും ലാബ് സൗകര്യം ഏര്‍പ്പെടുത്തും.
ടെസ്റ്റിനുവേണ്ട ചെലവ് കേരള പൊലിസ് സഹകരണ സംഘവും കേരള പൊലിസ് വെല്‍ഫെയര്‍ ബ്യൂറോയും തുല്യമായി വീതിക്കും. ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."