കൊവിഡ്: ആറ് മലയാളികള്‍ മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ആറ് മലയാളികള്‍കൂടി മരിച്ചു. സഊദിയില്‍ മൂന്നും ബഹ്‌റൈനില്‍ ഒന്നും ബംഗളൂരുവിലും നാസിക്കിലും ഓരോരുത്തരുമാണ് മരിച്ചത്.
കൊല്ലം പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ സുരേഷ് കുമാര്‍ കരുണാകരന്‍ പിള്ള (52), എറണാകുളം പറവൂര്‍ തുരുത്തിപ്പുറം തെറ്റാലിക്കല്‍ ഔസോ തോമസ് (53), വയനാട് മേപ്പാടി റിപ്പണ്‍ 52 സ്വദേശി പരിവീട്ടില്‍ സലീം (44) എന്നിവര്‍ സഊദിയിലും കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാല്‍ (55) ബഹ്‌റൈനിലും കാസര്‍കോട് തളങ്കര കെ.കെ പുറത്തെ പരേതരായ അബ്ദുല്ല ശര്‍ഖി,മറിയുമ്മ ദമ്പതികളുടെ മകന്‍ കെ. മുഹമ്മദ് ശര്‍ഖി(68) ബംഗളൂരുവിലും ചെങ്ങന്നൂര്‍ പാണ്ടനാട് കീഴ്‌വന്മഴി പുല്ലേകാട്ടില്‍ വിജയന്റെയും ചെല്ലമ്മയുടെയും മകന്‍ ജയകുമാര്‍ (33) നാസിക്കിലുമാണ് മരിച്ചത്.
കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി രണ്ടാഴ്ച മുന്‍പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുരേഷ് കുമാര്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: സൗമ്യ. രണ്ടു മക്കളുണ്ട്.
ഔസോ തോമസിനെ ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ദമാമിലാണ്. കഴിഞ്ഞ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്നലെ മരിക്കുകയുമായിരുന്നു. ഭാര്യ: ലില്ലി. മക്കള്‍: ഷെമിന്‍ തോമസ്, സേവിയോ തോമസ്.
സലീം കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഖബറടക്കം സഊദി അറേബ്യയില്‍ നടന്നു. ഭാര്യ: ഷമീന. രണ്ട് മക്കളുണ്ട്.
മുഹമ്മദ് ശര്‍ഖി ദീര്‍ഘകാലമായി ബംഗളൂരു ഹെന്നൂര്‍ ക്രോസിലായിരുന്നു താമസം. മുഹമ്മദിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: മൈമൂന.മക്കള്‍: അബ്ദുല്ല മുഹ്‌സിന്‍ (ജനറല്‍ മാനേജര്‍, വഡാഫോണ്‍, ദോഹ), അഡ്വ. മറിയം മുനൈസ. മരുമകള്‍: തമന്ന. സഹോദരങ്ങള്‍: ഉമ്മര്‍ ഫാറൂഖ് ശര്‍ഖി,ഇബ്രാഹിം സിദ്ദിഖ് ശര്‍ഖി, സുലൈഖ,മറിയംബി,ശരീഫ.
ജയകുമാര്‍ നാസിക്കിലെ സത്പൂര്‍ ശ്രമിക് നഗര്‍ ശ്രീകൃഷ്ണ അപ്പട്ട്‌മെന്റില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു. സ്വകാര്യ കമ്പിനിയിലെ ജീവനക്കാരനാണ്. ജയകുമാറിന് രോഗം ബാധിച്ചതിന് ശേഷം അച്ഛനും അമ്മയ്ക്കും സഹോദരി ജയശ്രീക്കും രോഗം പിടിപെട്ടിരുന്നു. കഴിഞ്ഞ ജൂലൈ 15 മുതല്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണം.
ജമാല്‍ ഏതാനും ആഴ്ചകളായി ബഹ്‌റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്?സില്‍ ചികിത്സയിലായിരുന്നു.
33 വര്‍ഷമായി ബഹ്‌റൈനിലുള്ള ജമാല്‍ ഇവിടെ കലിമ കര്‍ട്ടന്‍ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ് ഹാജിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: സറീന പാലേരി. മക്കള്‍ തന്‍വീര്‍, ഷകീബ്. സഹോദരങ്ങള്‍: അഷ്‌റഫ്, അലി, ഫാത്വിമ, പരേതയായ സുലൈഖ, സഫിയ, സൈനബ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."