സൂഫിസത്തിന്റെ പുണ്യഭൂമിയില്‍
നിസാമുദ്ദീന്‍ ബസ്തിയില്‍ എപ്പോഴും തിരക്കാണ്. തീര്‍ഥാടകരും യാചരും വഴിയോരവാണിഭക്കാരും നിറഞ്ഞ, വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതും ശബ്ദമുഖരിതവുമായ ഗലികള്‍.. എവിടെ നോക്കിയാലും ദാരിദ്ര്യത്തിന്റെ അടയാളങ്ങള്‍. ആദ്യമായി സന്ദര്‍ശിക്കുന്നവരുടെ നെറ്റി ചുളിയാന്‍ ഇത്രയൊക്കെ ധാരാളം. എന്നാല്‍ ചരിത്രവിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിസാമുദ്ദീന്‍ ബസ്തിയിലെ ഗലികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എട്ടു നൂറ്റാണ്ടിന്റെ ചരിത്രം ഈ ഗലികളില്‍ പുതഞ്ഞുകിടക്കുന്നു. ഇന്ത്യ കണ്ട ഉറുദു-പേര്‍ഷ്യന്‍ ഭാഷകളിലെ പ്രഗത്ഭരായ മൂന്നു കവികള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ സൂഫിവര്യരായ നിസാമുദ്ദീന്‍ ഔലിയയുടെയും അദ്ദേഹത്തിന്റെ അരുമശിഷ്യന്‍ അമീര്‍ ഖുസ്രുവിന്റെയും ദര്‍ഗകള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അല്‍പമകലെയായി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗസലുകളുടെയും ശായരികളുടെയും രാജാവ് മീര്‍സാ ഗാലിബിന്റെ ദര്‍ഗയും.
ഡല്‍ഹിയിലെ പ്രശസ്തമായ ചരിത്രസ്മാരകങ്ങളിലൊന്നായ ഹുമയൂണ്‍ ടോമ്പിനടുത്ത് മധുരാ റോഡിലെ ട്രാഫിക് സര്‍ക്കിളിനു സമീപത്താണ് നിസാമുദ്ദീന്‍ ബസ്തി. നിസാമുദ്ദീന്‍ ബസ്തിയിലെ വഴിയോര ഭക്ഷണശാലകള്‍ ഏറെ പ്രസിദ്ധമാണ്. ഗലികള്‍ക്ക് ഇരുവശങ്ങളിലുമുള്ള ചെറുതും വലുതുമായ ഭക്ഷണശാലകളില്‍നിന്ന് കബാബിന്റെയും ബിരിയാണിയുടെയും കുറുമയുടെയും മണം സന്ദര്‍ശകരെ എതിരേല്‍ക്കും. ഇവിടത്തെ കശ്മിരി റൊട്ടിയും റൂമാലി റൊട്ടിയും മട്ടന്‍, ചിക്കന്‍, ബീഫ് കറികളും, ഷീക്കബാബും ബിരിയാണിയും ആസ്വദിക്കുന്നതിന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ഭക്ഷണപ്രിയരായ ആളുകള്‍ എത്തിക്കൊണ്ടിരിക്കും. വളരെ ഫ്രഷ് ആയ പോത്തിറച്ചി സുലഭമായി ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണ് നിസാമുദ്ദീന്‍ ബസ്തി. പോത്തിറച്ചി വാങ്ങിക്കാന്‍ മാത്രമായി ഇവിടെയെത്തുന്ന മലയാളികള്‍ ധാരാളം. പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ ഡല്‍ഹിയിലെത്തുമ്പോഴെല്ലാം ഇവിടം സന്ദര്‍ശിക്കുമായിരുന്നു. പാര്‍തീവ് ഷാ എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍, നഗ്നപാദനായി നിസാമുദ്ദീന്‍ ഗലികളിലൂടെ ചുറ്റിക്കറങ്ങുന്ന എം.എഫ് ഹുസൈന്റെ നിരവധി ഫോട്ടോകള്‍ 1994ല്‍ അദ്ദേഹമറിയാതെ കാമറയില്‍ പകര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
[caption id="attachment_575580" align="alignleft" width="285"] നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയിലേക്കുള്ള വഴിത്താരയില്‍ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍[/caption]ഭക്ഷണശാലകളെയും മറ്റു വഴിയോരവാണിഭക്കാരെയും താണ്ടി തിരക്കുപിടിച്ച ഗലികളിലൂടെ അല്‍പം മുന്നോട്ടുപോകുമ്പോള്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ബാറിലേക്കുള്ള പ്രവേശനകവാടത്തില്‍ ചെന്നെത്തുന്നു. പാദരക്ഷകള്‍ പുറത്ത് അഴിച്ചുവച്ച് അകത്തുകടക്കുമ്പോള്‍ നിങ്ങള്‍ മറ്റൊരു ലോകത്താണു ചെന്നുപെടുക. വൃത്തിഹീനമായ ഗലികള്‍ക്കു പകരം മാര്‍ബിള്‍ വിരിച്ച വഴിത്താര. മാംസത്തിന്റെയും ഭക്ഷണ പദാര്‍ഥങ്ങളുടെയും ഗന്ധത്തിനു പകരം പുഷ്പങ്ങളുടെയും അത്തറിന്റെയും സുഗന്ധം. എങ്കിലും വഴിത്താരകള്‍ക്കിരുവശത്തും യാചകരുടെ നീണ്ടനിര തന്നെയുണ്ട്.
അല്‍പം നടന്നാല്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ബാറും ദര്‍ഗയും. തൊട്ടരികില്‍ ഇടതുവശത്തായി ഔലിയയുടെ അരുമശിഷ്യനും പ്രശസ്ത ഉറുദു കവിയുമായ അമീര്‍ ഖുസ്രുവിന്റെ ദര്‍ഗയും. സുഫിവര്യരായ ഇരുവരുടെയും ദര്‍ഗ സന്ദര്‍ശിക്കാന്‍ ജാതിമത ഭേദമന്യേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് (പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍നിന്ന്) ദിവസവും ആയിരക്കണക്കിനു തീര്‍ഥാടകരെത്തുന്നു. അജ്മീര്‍ സന്ദര്‍ശിക്കാന്‍ പോകുന്ന തീര്‍ഥാടകര്‍ ആദ്യം നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗ സന്ദര്‍ശിച്ചാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകുകയുള്ളൂ എന്നൊരു വിശ്വാസവും ചില ഭക്തര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. വര്‍ണശബളമായ പുതപ്പുകളും (ച്ഛാദര്‍) പുഷ്പങ്ങളും ശവകുടീരത്തിനു മുകളില്‍ വിരിച്ചിട്ടു തീര്‍ഥാടകര്‍ കണ്ണടച്ചു പ്രാര്‍ഥിക്കുന്നു. ചിലപ്പോഴെല്ലാം ദര്‍ഗയ്ക്കു മുന്നില്‍ സന്ദര്‍ശകരുടെ നീണ്ടനിര കാണാം.
സൂഫി സന്ന്യാസിയായ നിസാമുദ്ദീന്‍ ഔലിയക്ക് അറുനൂറിലധികം ശിഷ്യന്മാരുണ്ടായിരുന്നുവത്രേ. ശിഷ്യന്മാര്‍ ഖലീഫകള്‍ എന്നറിയപ്പെടുന്നു. അവരില്‍ ഏറ്റവും പ്രധാനികളായിരുന്നു അമീര്‍ ഖുസ്രുവും നസീറുദ്ദീന്‍ ചിരാഗ് ദഹ്‌ലവിയും. അവിവാഹിതനായിരുന്നു നിസാമുദ്ദീന്‍ ഔലിയ. മരിക്കുന്നതിനുമുന്‍പ് തന്റെ ശവകുടീരത്തിനടുത്തുതന്നെ അമീര്‍ ഖുസ്രുവിന്റെയും ഭൗതികശരീരം അടക്കം ചെയ്യണമെന്ന് ഔലിയ നിര്‍ദേശിച്ചിരുന്നുവത്രേ. ഉത്തര്‍പ്രദേശിലെ ബദായുന്‍ എന്ന ഗ്രാമത്തില്‍ 1238ല്‍ ജനിച്ച നിസാമുദ്ദീന്‍ ഔലിയ ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ ബസ്തിയില്‍ 1325ലാണു നിര്യാതനാകുന്നത്. അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും ആദരണീയനും ഏറ്റവുമധികം ശിഷ്യന്മാരുള്ളതുമായ സൂഫി സന്യാസിയായിരുന്നു ഔലിയ.
നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയില്‍നിന്ന് ഏകദേശം 150 മീറ്റര്‍ അകലെ, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉറുദു ഗസലുകളുടെ രാജാവ് മിര്‍സാ ഗാലീബിന്റെ ശവകുടീരവും ഗാലിബ് അക്കാദമി കെട്ടിടവും സ്ഥിതി ചെയ്യുന്നു. ഈ കെട്ടിടത്തില്‍ ഗാലീബ് മ്യൂസിയവും ആര്‍ട്ട് ഗാലറിയും, പതിനായിരത്തിലധികം ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളുള്ള ഒരു ഗവേഷണ ലൈബ്രറിയും ഓഡിറ്റോറിയവുമുണ്ട്. മലയാള ഭാഷയില്‍ ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനുള്ള സ്ഥാനമാണ് ഉറുദുവില്‍ മിര്‍സാ ഗാലിബിന്. രണ്ടുപേരുടെയും രചനാരീതികള്‍ വ്യത്യസ്തമായിരുന്നെന്നു മാത്രം.
എഴുത്തച്ഛന്‍ രചനകള്‍ ഭക്തിപ്രസ്ഥാനത്തിലൂടെ മുന്നേറിയപ്പോള്‍, ഗാലിബ് ദൈവത്തെയും മതമൗലിക വാദത്തെയുമെല്ലാം തന്റെ കവിതകളിലൂടെയും ഗസലുകളിലൂടെയും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. മെഹ്ദി ഹസ്സന്‍, ബീഗം അക്തര്‍, ജഗ്ജിത് സിങ്, ആബിദ പര്‍വീന്‍ തുടങ്ങിയ പ്രശസ്ത ഗസല്‍ഗായകരെല്ലാം ഗാലിബിന്റെ ഗസലുകള്‍ ആലപിച്ച് അരങ്ങുതകര്‍ത്തവരാണ്. പാശ്ചാത്യ സാഹിത്യത്തില്‍ അസ്തിത്വവാദം (extsientialism) എന്ന സാഹിത്യശാഖ പ്രത്യക്ഷപ്പെടുന്നത് 1920കളിലാണ്. എന്നാല്‍, ആല്‍ബെര്‍ട്ട് കാമുവും ഫ്രാന്‍സ് കാഫ്‌കെയുമെല്ലാം തന്റെ രചനകളില്‍ അസ്തിത്വവാദം വിഷയമാക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ ഗാലിബ് തന്റെ രചനകളില്‍ അതു പ്രമേയമാക്കിയിരുന്നു. മദ്യവും മദിരാക്ഷിയും ചൂതാട്ടവും കൊണ്ടു ജീവിതം ധൂര്‍ത്തടിച്ച മീര്‍സാ ഗാലിബ് എന്ന അതുല്യനായ ഈ കവി ഉറുദു ഭാഷാ സാഹിത്യത്തിലെ വിസ്മയമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. 1869ല്‍ എഴുപത്തി ഒന്നാം വയസില്‍ അന്തരിച്ച ഗാലിബിന്റെ ശവകുടീരം 'മസാറെ ഗാലിബ് ' എന്ന പേരില്‍ അറിയപ്പെടുന്നു.
എല്ലാ വ്യാഴാഴ്ചകളിലും നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ബാറില്‍ അരങ്ങേറുന്ന ഖവാലി സംഗീതപ്രേമികളെ ആകര്‍ഷിക്കുന്നു. സൂഫി സംഗീതശാഖയിലെ ഏറ്റവും പ്രശസ്തമായ ഒരു ഇനമാണ് ഖവാലി. അമീര്‍ ഖുസ്രുവാണ് ഖവാലിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സൂഫി സംഗീതജ്ഞരായ നിസാമി സഹോദന്മാരും സാബ്രി സഹോദരങ്ങളുമെല്ലാം ഇവിടെ ഖവാലി ആലപിക്കാന്‍ എത്താറുണ്ട്. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ഖവാലി ചിലപ്പോഴെല്ലാം രാത്രി പത്തു മണിവരെ നീണ്ടുനില്‍ക്കും.
നിസാമുദ്ദീന്‍ ബസ്തി എന്നറിയപ്പെടുന്ന ഈ ചെറിയ പ്രദേശത്തിന്റെ മുഖമുദ്ര സൂഫി തത്വചിന്തയില്‍ അധിഷ്ഠിതമാണെന്നു പറയാം. ഇന്നു നാം ജീവിക്കുന്ന കാലഘട്ടത്തില്‍, സൂഫിസത്തിന്റെ പ്രസക്തി ഏറിവരുന്നതു സാംസ്‌കാരികമായി അലിഞ്ഞുചേര്‍ന്ന ഒന്നിനെ അകറ്റിനിര്‍ത്തുക സാധ്യമല്ല എന്ന കാരണത്താലാണ്. പുസ്തകങ്ങളിലും സിനിമകളിലും ഖവാലികളുടെയും ഗസലുകളുടെയുമൊക്കെ സംഗീതപ്പെരുമഴയിലും സൂഫിസത്തിനു ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയവും ആശ്വാസ്യകരവുമാണ്.
സൂഫി ചിന്ത ഇന്ത്യയുടെ സാഹിത്യ, സംഗീത, സാംസ്‌കാരിക മേഖലകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. ഹിന്ദു മുസ്‌ലിം മതവിശ്വാസികളുടെ സൗഹാര്‍ദത്തിനും സൂഫിമാര്‍ഗം വഴിതെളിയിച്ചിട്ടുണ്ട്. സൂഫിസം ജാതിമത ചിന്തകള്‍ക്കതീതമായി മതേതരത്വത്തോടും ബഹുസ്വരതയോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു തത്വചിന്തയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ, സാംസ്‌കാരിക കാലാവസ്ഥയില്‍ ഏറെ പ്രസക്തവുമാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."