കേരളത്തിന്റെ വികസനത്തിന് ഇനി രാഷ്ട്രീയം മറക്കാം
ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പാര്‍ലമെന്റിനകത്തും പുറത്തും ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഡല്‍ഹി കേരളാഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ തീരുമാനം.
കേരളത്തിന്റെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും മന്ത്രിമാരും ഒന്നിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം, കുളച്ചല്‍ തുറമുഖ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. കേരളത്തിലേക്കുള്ള കേന്ദ്രനിക്ഷേപം കുറയുന്ന കാര്യത്തില്‍ പ്രതിഷേധവും എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.
കേരളത്തിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഉറപ്പുകളില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിലെ അതതു വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം രൂപപ്പെടുത്തുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. പാര്‍ലമെന്റ് യോഗത്തിനു മുന്‍പും ശേഷവും എം.പിമാരുടെ യോഗം വിളിക്കും. യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ അവലോകനം ചെയ്യും.
കേരളത്തിലേക്കുള്ള കേന്ദ്രവിഹിതത്തിന്റെ ഘടനയില്‍ വന്ന വ്യത്യാസം കേരളത്തിലെ ബജറ്റിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
കേന്ദ്ര -സംസ്ഥാന വിഹിതങ്ങള്‍ 80-20 എന്നത് ഇപ്പോള്‍ 60-40 എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതു പ്രയാസപ്പെടുത്തുന്നതാണെന്ന് കേന്ദ്രത്തെ അറിയിക്കും. കേരളത്തിന്റെ പൊതു വികസനവിഷങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സര്‍ക്കാരിന് പിന്തുണ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ എ.കെ ആന്റണി പറഞ്ഞു.
വയലാര്‍ രവി, കെ.വി തോമസ്, ജോയ് അബ്രഹാം, വീരേന്ദ്രകുമാര്‍, ഇ. അഹമ്മദ്, സുരേഷ്‌ഗോപി, റിച്ചാഡ് ഹേ എന്നിവരൊഴികെയുള്ള എം.പിമാരെല്ലാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."