ദാ എത്തി റാഫേല്‍
പാരിസ്: ചൈനയുമായി സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ശ്രേണി നാളെ ഇന്ത്യയിലെത്തും. ആദ്യ ബാച്ചിലെ അഞ്ചു യുദ്ധവിമാനങ്ങള്‍ ഇന്നലെ ഫ്രാന്‍സിലെ മെരിഗ്നാക് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. 36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് 787 കോടി യൂറോ മുടക്കി ഇന്ത്യ സ്വന്തമാക്കുന്നത്.
ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണത്തിന് പുതിയ മാനം നല്കി റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നതായി ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. ഒന്നിനു പിറകെ ഒന്നായി മൂന്നു യുദ്ധവിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് പറന്നുയരുന്ന വിഡിയോയും എംബസി ഷെയര്‍ ചെയ്തിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുന്നതിനിടെ ഒരിടത്തു മാത്രമേ വിമാനം നിര്‍ത്തൂ. യു.എ.ഇയിലാണത്. 7,000 കി.മീ താണ്ടിവരുന്ന വിമാനങ്ങള്‍ വായുവില്‍ വച്ച് തന്നെ ഇന്ധനം നിറയ്ക്കും. ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനം പറത്തുന്നത്.
ഫ്രഞ്ച് വ്യോമയാന കമ്പനി ഡസാള്ട്ടാണ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വിമാനം പുറപ്പെടുന്നതിനു മുമ്പായി ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അശ്റഫ് പൈലറ്റുമാരുമായി സംസാരിച്ചു. നിശ്ചയിച്ച സമയത്തു തന്നെ വിമാനം കൈമാറിയതിന് അദ്ദേഹം ഫ്രഞ്ച് സര്‍ക്കാറിന് നന്ദി അറിയിച്ചു.
12 ഇന്ത്യന്‍ പൈലറ്റുമാര്‍ക്കും റാഫേല്‍ പറത്താന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. 2021 അവസാനത്തോടെ 36 യുദ്ധവിമാനങ്ങളില്‍ അവസാനത്തേതും ഇന്ത്യക്ക് കൈമാറും. ആധുനിക മിസൈലുകളുള്‍പ്പെടെ വിവിധ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് റാഫേല്‍. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇതിന്റെ വരവോടെ വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."