വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ അധ്യാപകനായ ബി.ജെ.പി പ്രാദേശിക നേതാവ് പീഡിപ്പിച്ചുവെന്ന കേസില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പാലത്തായി കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ നര്‍കോട്ടിക് സെല്‍ എ.എസ്.പി രീഷ്മാ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണു കുട്ടിയുടെ മൊഴിയെടുത്തത്. സര്‍ക്കാര്‍ നിയോഗിച്ച മൂന്നു ചൈല്ഡ്ലൈന് കൗണ്സിലര്മാരുടെസാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. കുട്ടിയുടെ പൊതുവിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്നറിയുന്നു.
കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ആക്ഷന്‍ കമ്മിറ്റിക്കും ബന്ധുക്കള്‍ക്കും വിശ്വസ്തനായ നാട്ടുകാരനായ ഒരാളെ ഉള്‍പ്പെടുത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പാലത്തായിയില്‍ എത്തിയ സംഘം അറിയിച്ചിരുന്നു. ഇന്നലെ രാവിലെ 10.30ന് സ്ഥലത്തെത്തിയ എ.എസ്.പി വൈകിട്ട് 3.30ഓടെയാണു മടങ്ങിയത്. കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നു പ്രതി പദ്മരാജനു ജാമ്യം ലഭിച്ചതു വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."