ഖസാക്കിന്റെ ആദിരൂപങ്ങള്‍
ഭൂമിശാസ്ത്രപരമായ ഒരു സവിശേഷവൃത്തത്തിനകത്തു നിര്‍ത്തി ഏറെയധികം ചര്‍ച്ച ചെയ്യപ്പെട്ട മലയാളത്തിലെ ഏക നോവല്‍ 'ഖസാക്കിന്റെ ഇതിഹാസം' ആയിരിക്കും. നോവലിന്റെ എഴുത്തുകാരനായ ഒ.വി വിജയന്‍ പോലും കാണാത്ത കാഴ്ചകളാണ് ഒരുപറ്റം വായനക്കാരും നിരൂപകരും സാഹിത്യ-പത്ര പ്രവര്‍ത്തകരും ഖസാക്കിന്റെ ഇതിഹാസ ഭൂമികയെ കുറിച്ചു കാണാന്‍ ശ്രമിച്ചത്. ആദ്യഘട്ടങ്ങളില്‍ സഹനീയങ്ങളായി അനുഭവപ്പെട്ടിരുന്ന ഇത്തരം കാഴ്ചകള്‍ കാലക്രമേണ നോവലിനുമേല്‍ ചാര്‍ത്തപ്പെട്ട ബാഹ്യാരോപണത്തിന്റെ തലത്തിലേക്ക് അധപതിച്ചു. ഖസാക്ക് എന്ന ഭാവനാത്മകഭൂമികയെ കണ്ടെത്തുന്നതില്‍ നോവലിസ്റ്റ് ആശ്രയിച്ചത് തസ്‌റാക്ക് എന്ന പാലക്കാടന്‍ ഉള്‍ഗ്രാമത്തെ മാത്രമാണ് എന്നും നോവലിലെ കഥാപാത്രങ്ങളെല്ലാം ആ ഗ്രാമത്തില്‍ ജീവിച്ചവര്‍ തന്നെയാണ് എന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പലതും നടന്നു. കാലാന്തരേണ അതൊരു വിശ്വാസത്തിന്റെ അടിയുറപ്പു നേടുകയും ചെയ്തു.
[caption id="attachment_575600" align="alignleft" width="504"] തസ്‌റാക്കിലെ ഞാറ്റുപുരയില്‍ സ്ഥാപിച്ച ഒവി വിജയന്റെ പ്രതിമ[/caption]പാലക്കാട്ടുനിന്ന് പുതുനഗരം വഴിയും കിണാശ്ശേരി വഴിയും ചെന്നെത്താവുന്ന തസ്‌റാക്ക് എന്ന ഗ്രാമം അങ്ങനെ ഒരു നോവലിന്റെ മാത്രം പേരില്‍ അറിയപ്പെടാന്‍ ഇടവരികയും അതൊരു സാഹിത്യ തീര്‍ഥാടന പ്രദേശമായി പരിണമിക്കുകയും ചെയ്തു. ഒ.വി വിജയന്‍ തസ്‌റാക്കിലെ വാസക്കാലത്ത് താമസിച്ചെന്ന പേരില്‍ അവിടത്തെ ഒരു ഞാറ്റുപുരയ്ക്ക് തസ്‌റാക്കിന്റെ മുഖ്യ ആകര്‍ഷണവസ്തുവായിത്തീരാനും സാധിച്ചു. സത്യത്തില്‍ ഒ.വി വിജയന്‍ തസ്‌റാക്കുവാസക്കാലത്ത് താമസിച്ചതും അന്തിയുറങ്ങിയതും ഇന്ന് ഒ.വി വിജയന്‍ സ്മാരകമായി സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സംരക്ഷിക്കുന്ന പഴയ ഞാറ്റുപുരയില്‍ ആയിരുന്നില്ല. അതിനു കുറച്ചകലെയായി നിരത്തുവക്കില്‍ ഉണ്ടായിരുന്ന പഴയൊരു ഇരട്ടമുറി കെട്ടിടത്തിലായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന സഹോദരി ഒ.വി ശാന്ത ടീച്ചര്‍ക്കൊപ്പമായിരുന്നു വിജയന്റെ താമസം. കെട്ടിടത്തിലെ ഒരു മുറി ക്ലാസ്മുറിയായി ഉപയോഗിച്ചു. ഈ ക്ലാസ്മുറി കാണാന്‍ പി.എന്‍ പണിക്കര്‍ ഒരിക്കല്‍ ചെന്നിരുന്നു. ആ കെട്ടിടം മൊത്തത്തില്‍ ഏറ്റെടുത്ത് ഒരു എല്‍.പി സ്‌കൂളായി വികസിപ്പിക്കാനുള്ള ചില നീക്കങ്ങള്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും അതു സംഭവിക്കുകയുണ്ടായില്ല. കെട്ടിടം പിന്നീട് പൊളിച്ചുകളയുകയും ചെയ്തു.
തസ്‌റാക്കിലെ ഞാറ്റുപുരയുമായി ഒ.വി വിജയനുണ്ടായിരുന്ന ഏകബന്ധം ചില ഒറ്റപ്പെട്ട സായാഹ്നങ്ങളില്‍ അദ്ദേഹം അവിടെ ചെന്നു തിണ്ണയിലിരിക്കുകയും പുകവലിക്കുകയും നാട്ടുകാരില്‍ ചിലരുമായി സംസാരിച്ചുകൊണ്ടിരിക്കുകയുമൊക്കെ ചെയ്തിരുന്നു എന്നതാണ്. പക്ഷെ, പില്‍ക്കാലത്ത് പെരുമ്പറ കൊട്ടി പാടപ്പെട്ട നുണപ്പാട്ട്, അതിനുള്ളിലിരുന്നാണ് വിജയന്‍ 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയുണ്ടാക്കിയത് എന്ന വിധത്തിലൊക്കെയായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസത്തി'ലെ ഒരു വരിപോലും ഇന്ന് ഒ.വി വിജയന്‍ സ്മാരകം നിലകൊള്ളുന്ന ആ മണ്ണില്‍വച്ച് എഴുതപ്പെട്ടിട്ടില്ല എന്ന സത്യം ക്രൂരമായി തമസ്‌കരിക്കപ്പെട്ടു.
ഒരു മാസത്തിലധികം അന്ന് ഒ.വി വിജയന്‍ തസ്‌റാക്കില്‍ താമസിച്ചിരുന്നില്ല എന്നു ചിലരെല്ലാം എഴുതിയിട്ടുണ്ടെങ്കിലും മൊത്തം ഒന്‍പതു മാസവും പന്ത്രണ്ടു ദിവസവും താന്‍ തസ്‌റാക്കില്‍ ചെലവഴിച്ചതായാണ് ഒ.വി വിജയന്‍ തന്നെ പറഞ്ഞതായി കേട്ടിട്ടുള്ളത്. പിന്നീട് നാലഞ്ചു തവണ അദ്ദേഹം തസ്‌റാക്കില്‍ ചെന്നിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് ഒന്‍പതു മാസവും പന്ത്രണ്ടു ദിവസവുമെന്നുള്ളത്. എന്നാല്‍ അവിടെയിരുന്നാണ് നോവല്‍ എഴുതിത്തീര്‍ത്തത് എന്ന വാദഗതിയെ പിന്തുണക്കുന്ന ഒന്നും ലഭ്യമല്ല. തസ്‌റാക്കിലേക്കു സംഭവിച്ച യാത്രയും അവിടത്തെ താമസവുമൊന്നും നോവല്‍ എഴുതുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല. പാലക്കാട്ടുനിന്ന് കിണാശ്ശേരിയില്‍ എത്തി തസ്‌റാക്കിലേക്കു വെയില്‍കൊണ്ടു നടന്ന ആദ്യ നടത്തത്തില്‍ തന്നെ നോവലിന്റെ പ്രാഗ്‌രൂപം ഒ.വി വിജയന്റെ തോള്‍സഞ്ചിയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ആ പ്രാഗ്‌രൂപത്തില്‍ ചില അഴിച്ചുപണികള്‍ നടത്തിയാണ് 'ഖസാക്കിന്റെ ഇതിഹാസത്തെ' അദ്ദേഹം രൂപപ്പെടുത്തിയെടുത്തത്.
ഏതാണ്ടു പതിനാറാമത്തെ വയസു മുതല്‍ തന്നെ ഒരു നോവല്‍ എഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഒ.വി വിജയന്‍ നീങ്ങിയിരുന്നത്. പാലക്കാടിന്റെ ഉള്‍ഗ്രാമങ്ങള്‍ പശ്ചാത്തലമായി വരുന്ന ഒരു നോവലായിരുന്നു ചിന്തിച്ചുതുടങ്ങിയത്. അതിനു പറ്റിയ ഗ്രാമീണ പശ്ചാത്തലമുള്ള പ്രദേശമായി അദ്ദേഹം ആദ്യം കണ്ടത് കുഴല്‍മന്ദത്തുനിന്ന് ഉള്ളിലേക്കു മാറിയ പ്രദേശമായ തോലത്തൂര്‍ ആയിരുന്നു. തോലത്തൂരിന്റെ പുരാതന പരാമര്‍ശങ്ങളാണ് അവിടം കേന്ദ്രീകരിക്കാന്‍ പ്രേരണയായത്. എന്നാല്‍, പിന്നീട് മങ്കര, പത്തിരിപ്പാല, കേരളശ്ശേരി, കോങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലേക്കും ചിന്തകള്‍ സഞ്ചരിച്ചിരുന്നു. ഇങ്ങനെ കുറേകാലം പശ്ചാത്തലത്തെ കുറിച്ച് ഒരു തീര്‍പ്പിലെത്താതെ കഴിഞ്ഞ ശേഷം ഒടുവില്‍ തോലത്തൂരിനെയും മങ്കരയെയും എല്ലാം ബന്ധിപ്പിച്ചുകൊണ്ട് ഒരു ഭൂമിക തീര്‍ത്ത് നോവലിന്റെ ആദ്യഘട്ട എഴുത്ത് അദ്ദേഹം പൂര്‍ത്തീകരിച്ചു. ഗോത്രദൈവ സങ്കല്‍പങ്ങളും മന്ത്രവാദികളും വെളിച്ചപ്പാടുകളുമെല്ലാം കഥാപാത്രങ്ങളായിരുന്നു ആ നോവലില്‍. തസ്‌റാക്കില്‍ എത്തിയതോടെ അത്തരം കഥാപാത്രങ്ങളെ പുതുക്കിപ്പണിയുന്നതിനെ കുറിച്ചായിരുന്നു ചിന്ത. അതേസമയം, അവയ്ക്കു പൂര്‍ണമായ ഘടനാവ്യതിയാനം വരുത്താന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. അങ്ങനെയാണ് 'ഖസാക്കിന്റെ ഇതിഹാസത്തി'ലേക്ക് ആദിമനോവലിലെ ഗോത്രദൈവ സങ്കല്‍പങ്ങള്‍ പുളിങ്കൊമ്പത്തെ പോതിയായും വെളിച്ചപ്പാടുകള്‍ കുട്ടാടന്‍ പൂശാരിയായും മന്ത്രവാദികള്‍ ഗോപാലുപണിക്കരെ പോലുള്ള കഥാപാത്രങ്ങളായും ഭാവം മാറിച്ചെന്നത്.
ഇസ്‌ലാമിക സ്വഭാവം ധ്വനിപ്പിക്കുന്ന ശൈഖ് മിയാന്‍ തങ്ങള്‍, തങ്ങളു പക്കീരി, അല്ലാപ്പിച്ച മൊല്ലാക്ക, ജിന്നുകള്‍ എന്നിവയൊന്നും ആദ്യ നോവലിലുണ്ടായിരുന്നില്ല. ഇവയൊട്ട് തസ്‌റാക്കില്‍നിന്നു കണ്ടെത്തപ്പെട്ടവയുമല്ല. പുളിങ്കൊമ്പത്തെ പോതി എന്ന മിത്തിന് കുഴല്‍മന്ദത്തിനടുത്ത എരിമയൂരില്‍നിന്ന് ഒരു പ്രാഗ്‌രൂപം കണ്ടെത്തി. ശൈഖ് മിയാന്‍ തങ്ങള്‍ എന്ന മിത്തിന്റെ രൂപീകരണത്തില്‍ കിഴക്കന്‍ പാലക്കാട്ടിലെ ചില മുസ്‌ലിം വിശ്വാസങ്ങള്‍ക്കൊപ്പം പാലക്കാട്ടെ പല ദര്‍ഗകളുടെയും പശ്ചാത്തലകഥകളെയും ഉപയോഗപ്പെടുത്തി.
ഒരുപക്ഷെ, 'തോലത്തൂരിന്റെ ഇതിഹാസം' എന്നോ മറ്റോ പേരു ചാര്‍ത്തപ്പെടുമായിരുന്ന നോവലിനെ 'ഖസാക്കിന്റെ ഇതിഹാസം' ആക്കി മാറ്റുന്നതില്‍ വിജയന്റെ തസ്‌റാക്ക്‌വാസക്കാലം വലിയെ സ്വാധീനം ചെലുത്തിയെന്നു സമ്മതിക്കുമ്പോള്‍ തന്നെയും ആ നോവല്‍ തീര്‍ത്തും തസ്‌റാക്കിന്റെ ഉല്‍പന്നമാണ് എന്നു പറയുന്നതു കടുത്ത വിശ്വാസവഞ്ചനയാണ്. കഥാപാത്രങ്ങളില്‍ രണ്ടു ശതമാനം പോലും തസ്‌റാക്കില്‍നിന്നുള്ളവരായിരുന്നില്ല. അല്ലാപ്പിച്ച മൊല്ലാക്ക, മൈമൂന, നൈസാമലി, അലിയാര്‍, അപ്പാമുത്ത്, കുപ്പുവച്ചന്‍, ശിവരാമന്‍ നായര്‍, മാധവന്‍ നായര്‍, അപ്പുക്കിളി, കുട്ടാപ്പു നരി, ചാന്തുമ്മ, കുഞ്ഞാമിന എന്നിങ്ങനെ വലിയൊരളവു കഥാപാത്രങ്ങള്‍ക്കും തസ്‌റാക്കിലെ യഥാര്‍ഥ ജീവിതത്തില്‍നിന്ന് ഒ.വി മാതൃകകള്‍ സ്വീകരിച്ചിട്ടില്ല. ഈ പേരുകള്‍ തന്നെ അന്നത്തെ തസ്‌റാക്കിന് അന്യവും അപരിചിതവുമായിരുന്നു. അതേസമയം, തസ്‌റാക്കിലെ മുസ്‌ലിം ജീവിതത്തിന്റെ സ്വഭാവശീലങ്ങള്‍ അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
യഥാര്‍ഥ മനുഷ്യരെ അതേപടി പകര്‍ത്തുന്നതിനു പകരം ഭാവനാത്മകമായ കഥാപാത്രങ്ങളെത്തന്നെ രൂപാന്തരപ്പെടുത്തുകയാണു ചെയ്തത്. നോവലിലെ പല കഥാപാത്രങ്ങളും അതീവ ദയനീയമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവയാണ്. എന്നാല്‍ അത്തരം ദൈന്യതകളൊന്നും തസ്‌റാക്കിലെ ജീവിതത്തിലുണ്ടായിരുന്നില്ല. അല്ലാപ്പിച്ച മൊല്ലാക്കയുടെ ചിത്രം തന്നെ ഉദാഹരണം. നോവലിലെ മൊല്ലാക്ക പരമദരിദ്രനും നിരാലംബനുമാണ്. വാറുപൊട്ടിയ ചെരിപ്പും പിന്നിത്തുടങ്ങിയ കുപ്പായവും എണ്ണവറ്റിയ പാനീസുവിളക്കും ദാരിദ്ര്യരേഖകള്‍ വീഴ്ത്തിയ മുഖഭാവവുമാണ് നോവലിലെ അല്ലാപ്പിച്ച മൊല്ലാക്കക്ക്. എന്നാല്‍, തസ്‌റാക്കിലെ നിസ്‌കാരപ്പള്ളിയില്‍ ഉണ്ടായിരുന്ന മൊല്ലാക്കയെ അതേപടി പകര്‍ത്തിയതല്ല അല്ലാപ്പിച്ചയിലേക്ക്. തസ്‌റാക്കിലെ മൊല്ലാക്കക്ക് അത്യാവശ്യം നല്ല വസ്ത്രങ്ങളും, നെല്ലും അരിയുമൊക്കെയായി പള്ളിവക മാസപ്പടികളും, ഇടയ്ക്കിടെ കൈമടക്കു കിട്ടുന്ന കുടിയോത്തുകളും, നാട്ടുകാര്‍ വകയായി ചില ഇടക്കാല വരുമാനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നോവലിലെ മൊല്ലാക്കയെ തസ്‌റാക്കിനു വെളിയില്‍ അന്വേഷിക്കേണ്ടിവരുന്നു.
മറ്റൊരു ദയനീയ കഥാപാത്രമാണ് ചാന്തുമ്മ. രണ്ട് അനാഥ മക്കളുടെ ഉമ്മയായ വിധവ. ചാന്തുമ്മയുടെ ഭര്‍ത്താവ് പുളിമരത്തില്‍നിന്നു വീണുമരിക്കുകയാണു നോവലില്‍. എന്നാല്‍, ഇത്തരത്തില്‍ മരത്തില്‍നിന്നു വീണുമരിച്ച ഒരു വ്യക്തി യഥാര്‍ഥത്തില്‍ തസ്‌റാക്കിന്റെ സ്മൃതിയിലേ ഉണ്ടായിട്ടില്ല-ചാന്തുമ്മയെപ്പോലെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്ന ഒരു മുസ്‌ലിം സ്ത്രീയും. അല്ലാപ്പിച്ച മൊല്ലാക്കയുടെ മകള്‍ മൈമൂനയെ രണ്ടാംകെട്ടു കെട്ടുന്ന മുങ്ങാംകോഴിയെന്ന ചക്രുരാവുത്തറുടെ ആദ്യകെട്ടിലെ മകള്‍ ആബിദ മറ്റൊരു ദയനീയ കഥാപാത്രമാണ്. ഖസാക്കിന്റെ വായനക്കാരില്‍ വലിയൊരു ശതമാനത്തിന്റെയും കണ്ണുകളെ ജലാര്‍ദ്രമാക്കിയ നിരാലംബ. ഒരു മൂവന്തിക്ക് ആബിദ ഖസാക്കില്‍നിന്ന് അവളുടെ ഉമ്മവീട് നിലകൊള്ളുന്ന കാളികാവിലേക്ക് ഒറ്റയ്ക്കു നടന്നുപോകുന്നുണ്ട് നോവലില്‍. പാലക്കാടിനു വെളിയിലുള്ളവരും പാലക്കാട്ടുതന്നെയുള്ളവരുമായ ഒരു വിഭാഗം ഖസാക്ക് വായനക്കാര്‍ ധരിച്ചിരുന്നത് ആബിദ പോയത് മലപ്പുറം ജില്ലയിലെ കാളികാവിലേക്കായിരുന്നു എന്നാണ്. അത്രയും ദൂരം ആബിദ ഒറ്റയ്ക്കു പോകേണ്ടി വന്നതോര്‍ത്തും, ആ ഏകാന്തയാത്രയില്‍ അവള്‍ക്കെന്തെങ്കിലും വിപത്ത് പിണഞ്ഞിരിക്കുമോ എന്നോര്‍ത്തും ആശങ്കപ്പെട്ടിരുന്നു വായനക്കാര്‍. എന്നാല്‍, പാലക്കാട് ജില്ലയില്‍ തന്നെ മങ്കരയ്ക്കും പൂടൂരിനും അടുത്തായി ഒരു കാളികാവ് ഉണ്ടെന്നും അതാണ് നോവലില്‍ പറയപ്പെട്ടതെന്നും വൈകിയെങ്കിലും വന്നെത്തിയ ഒരു വിവരം അത്തരം വായനക്കാരില്‍ തീര്‍ച്ചയായും സമാശ്വാസം തീര്‍ത്തിരിക്കാനിടയുണ്ട്.
തസ്‌റാക്കിലെ യഥാര്‍ഥ ജീവിതത്തില്‍ ഇത്തരത്തില്‍ ഒരു മുങ്ങാങ്കോഴിയോ ആബിദയോ ഉണ്ടായിരുന്നില്ല. നോവലിനായി ഒ.വി വിജയന്‍ കണ്ടെത്തിയ ഭാവനാ കഥാപാത്രങ്ങള്‍ മാത്രമാണിവരും. മൈമൂന നോവലിലെ മറ്റൊരു തരത്തിലുള്ള കഥാപാത്രമാണ്. തസ്‌റാക്കിലെ സാധാരണക്കാരായ മുസ്‌ലിം സ്ത്രീ-പുരുഷന്മാരുടെ നാട്ടിന്‍പുറ നിഷ്‌കളങ്കതകള്‍ക്ക് ഒട്ടും ചേരാത്ത മൈമൂനയെ അവരില്‍ ഒരാളായിരുന്നു എന്ന വിധത്തില്‍ വ്യാഖ്യാനിക്കുന്നത് ആ ജനതയോടു ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയില്‍ താഴെ ഒന്നുമില്ല. രവിക്കൊത്ത ഒരു കഥാപാത്രത്തെയാണ് നോവലിസ്റ്റ് മൈമൂനയെന്ന ഭാവനാ കഥാപാത്രത്തിലൂടെ രൂപപ്പെടുത്തിയെടുത്തത്.
ഇങ്ങനെ യഥാര്‍ഥ തസ്‌റാക്കും നോവലിലെ ഖസാക്കും തമ്മിലുള്ള അകലങ്ങള്‍ വളരെയധികമുണ്ട്. ഒ.വി വിജയന്‍ തന്നെ പലതവണ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വ്യാഖ്യാതാക്കളും വിമര്‍ശകരും ആരാധകരും ഉള്‍പ്പെട്ട ഒരു വലിയ ആള്‍ക്കൂട്ടം പാവം തസ്‌റാക്കിനുമേല്‍ ഖസാക്കിന്റെ എല്ലാ ദുരൂഹതകളെയും ഗഹനതകളെയും അസ്വാഭാവികതകളെയും കെട്ടിവച്ചു. പില്‍ക്കാലത്ത് ആ ഭാരത്തിനു കീഴില്‍നിന്നു പുറത്തുവരാന്‍ തസ്‌റാക്കിനു സാധിച്ചില്ല. നോവല്‍ പുറത്തുവന്ന് ഒന്നര-രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് തസ്‌റാക്കിലുള്ളവര്‍ തങ്ങളുടെ നാടിനെക്കുറിച്ചാണ് ആ നോവലിലെ 'ഖസാക്ക് ' എന്ന പ്രയോഗമെന്നു ചിന്തിക്കാന്‍ തുടങ്ങിയതു തന്നെ. അതാവട്ടെ, പുറത്തുനിന്നു തസ്‌റാക്കിലെത്തിയ ഖസാക്കിന്റെ ആരാധകരില്‍നിന്നും ആസ്വാദകരില്‍നിന്നുമായി അവര്‍ക്കു കിട്ടിയ ഒരു ചിന്തയായിരുന്നു.
പിന്നെയും കുറേ വര്‍ഷങ്ങള്‍ക്കിടയിലാണ് നോവലിലെ കഥാപാത്രങ്ങളുടെ മാതൃകകളോ മാതൃകയായവരുടെ പിന്മുറക്കാരോ ആണെന്ന വിധത്തില്‍ ചില തസ്‌റാക്കുകാരെ കുറിച്ചു വിവരണങ്ങള്‍ വന്നു തുടങ്ങിയത്. ഇതും പുറത്തുനിന്നു ചാര്‍ത്തപ്പെടുകയും പിന്നീട് തദ്ദേശീയമായി ഏറ്റെടുക്കപ്പെടുകയും ചെയ്ത പുതിയ വാദഗതികളില്‍നിന്നുള്ള വിവരണങ്ങളായിരുന്നു. ഇത്തരം കെട്ടിഘോഷങ്ങളും നുണപ്പാട്ടുകളും അന്തരീക്ഷത്തെ ബഹളമയമാക്കുന്നതിനിടയിലും തസ്‌റാക്കിലേക്ക് നോവലിലെ കഥാപാത്രങ്ങളുടെ മാതൃകകളന്വേഷിച്ചു പോയ നിരവധി പേര്‍ക്കു നിരാശയായിരുന്നു ഫലം. നോവലിലെ ഒരു കഥാപാത്രത്തെയും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവരില്‍ ചിലരെങ്കിലും സത്യസന്ധമായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതൊന്നും അന്‍പതു വര്‍ഷം പിന്നിട്ട 'ഖസാക്കിന്റെ ഇതിഹാസത്തെ' സംബന്ധിച്ചു ശോഭ കെടുത്തുന്ന സത്യങ്ങളല്ല. നോവല്‍ എന്ന നിലയിലുള്ള അതിന്റെ അനന്യതയും അപൂര്‍വതയും തസ്‌റാക്ക് എന്ന ഭൂമികയുമായി ഒരു നിലയ്ക്കും ബന്ധപ്പെടുന്നില്ല എന്നതു തന്നെ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."