കുടിവെള്ളം കിട്ടാക്കനി; ജനം ദുരിതത്തില്‍: കണ്ണുതുറക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍
മാനന്തവാടി: ഫണ്ട് തിരിമറിക്ക് സാധ്യതയുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൊടും വരള്‍ച്ചയിലും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതില്‍ അലംഭാവം തുടരുന്നു. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കണമെന്ന് നിര്‍ദേശമുള്ളപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഈ കണ്ണടക്കല്‍.
കുടിവെള്ള വിതരണത്തിന് തനതു ഫണ്ടില്‍ നിന്നും ഏപ്രില്‍, മെയ് മാസങ്ങളിലായി ഗ്രാമപഞ്ചായത്തുകള്‍ക്ക് പത്തു ലക്ഷം രൂപ വരെയും നഗരസഭകള്‍ക്ക് പതിനഞ്ചു ലക്ഷം രൂപ വരെയും ചിലവഴിക്കാന്‍ സര്‍ക്കാര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ പല പഞ്ചായത്തുകളും ഇപ്പോഴും കുടിവെള്ള വിതരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മതിയായ ഫണ്ടില്ലെന്നും കുടിവെള്ളവിതരണം പരാതി രഹിതമായി നടപ്പിലാക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ഗ്രാമ പഞ്ചായത്തുകള്‍ കുടിവെള്ളമെത്തിക്കുന്നതിന് പിന്നോട്ടടിക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലും പടിഞ്ഞാറത്തറ പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമായ പല ആദിവാസി കോളനികളും നിലവിലുണ്ട്. എന്നാല്‍ രണ്ട് പഞ്ചായത്തുകളിലും പഞ്ചായത്ത് വെള്ളം വിതരണം നടത്തുന്നില്ല.
കുടിവെള്ളം ശേഖരിക്കാന്‍ ബാണാസുര ഡാം റിസര്‍വോയറിനെ സമീപിക്കാമെന്നിരിക്കെയാണ് അലംഭാവം കാണിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തില്‍ റവന്യു വകുപ്പിന്റെ വാട്ടര്‍ കിയോസ്‌കര്‍ ഉപയോഗിച്ചുള്ള ശുദ്ധജല വിതരണവും നടക്കുന്നില്ല.
മാനന്തവാടി താലൂക്കില്‍ അഞ്ച് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 25 കിയോസ്‌കര്‍ മാത്രമാണ് അനുവദിച്ചത്. ഇതില്‍ വരള്‍ച്ച രൂക്ഷമായ തിരുനെല്ലി പോലുള്ള പഞ്ചായത്തുകളിലാണ് കൂടുതലും സ്ഥാപിച്ചിരിക്കുന്നത്.
കിയോസ്‌കിലേക്ക് പയ്യമ്പള്ളി, പടമല ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ നിന്നുമാണ് വെള്ളം ശേഖരിച്ചെത്തിക്കുന്നത്. 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണികളില്‍ മൂന്ന് ടാങ്കര്‍ വാഹനങ്ങളിലാണ് വെള്ളം എത്തിക്കാന്‍ റവന്യു വകുപ്പ് സംവിധാനമേര്‍പ്പെടുത്തിയത്.
കൂടുതല്‍ കിയോസ്‌കര്‍ ലഭിക്കുന്നതിനുസരിച്ച് മാത്രമേ കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് റവന്യു വകുപ്പ്. എന്നാല്‍ കുടിവെള്ളം ലഭിക്കാതെ ഒറ്റപ്പെട്ട് നിരവധി കുടുംബങ്ങളാണ് പഞ്ചായത്തിന്റെ കുടിവെള്ള വണ്ടിയും കാത്ത് നിലവിലുള്ളത്.
കിയോസ്‌കര്‍ വഴി വെള്ളമെത്തിക്കുമ്പോള്‍ നിശ്ചിത സ്ഥലത്ത് മാത്രമെ പ്രയോജനം ലഭിക്കകുയുള്ളു.
എന്നാല്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തിയാല്‍ ഒരു ദിവസം തന്നെ കൂടുതല്‍ പ്രദേശത്ത് വെള്ളമെത്തിക്കാന്‍ കഴിയുമെന്നിരിക്കെ പരാതികളുയരുമെന്ന കാരണത്താല്‍ വെള്ളം നല്‍കാന്‍ മടികാണിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളുടേയും സ്ഥിതി ഇതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."