അടച്ചുപൂട്ടിയ ക്രഷര്‍ വീണ്ടും തുറക്കാന്‍ നീക്കം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
മേപ്പാടി: നെല്ലിമുണ്ടയില്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ ക്രഷര്‍ വീണ്ടും തുറക്കാന്‍ നീക്കം.
വിവിധ ലൈസന്‍സുകള്‍ തരപ്പെടുത്തി ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ദ്രുതഗതിയിലുള്ള മുന്നൊരുക്കം നടക്കുകയാണ്. വീടുകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയതോടെ പഞ്ചായത്ത് സെക്രട്ടറി നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മൊ ലഭിച്ചിട്ടും ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്.
ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാറ ഖനനം ചെയ്യുന്നത് കാരണം വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നതായും പൊടി ഉയരുന്നത് കാരണം കുട്ടികള്‍ക്ക് ഉള്‍പ്പെടെ ശ്വാസ കോശ രോഗങ്ങള്‍ പിടിപെടുന്നതായും നാട്ടുകാര്‍ പറയുന്നു. കൂടാതെ മേപ്പാടി-ചൂരല്‍മല റോഡരികിലാണ് ക്രഷറുള്ളത്. ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ യാത്രക്കാര്‍ക്കും ദുരിതമാകുമെന്നും പരാതിയുണ്ട്.
പരാതി മറികടക്കാന്‍ ക്രഷറിന് ചുറ്റും പതിനഞ്ച് അടി ഉയരത്തില്‍ ഷീറ്റുകൊണ്ട് കെട്ടിമറച്ചിട്ടുണ്ട്. ക്രഷറിനെതിരേയുള്ള സമരത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സമരസമിതി രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."