മസാല ബോണ്ട്: രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്ന് ചെന്നിത്തല
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം കള്ളമാണ്.
മസാല ബോണ്ടുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളിക്കുകയാണ്.
കേരളത്തിലെ ജനങ്ങളെയും വരുംതലമുറയെയും ബാധിക്കുന്ന പ്രശ്‌നമാണ് താന്‍ ഉന്നയിച്ചിരിക്കുന്നത്. ചോദിക്കുന്നതിനല്ല ധനമന്ത്രി ഉത്തരം പറയുന്നത്. മസാല ബോണ്ട് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിപക്ഷം നാലംഗ എം.എല്‍.എമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി സഹകരിക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകണം. എം.കെ മുനീര്‍, വി.ഡി സതീശന്‍, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്‍ എന്നവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ബോണ്ടുകള്‍ വാങ്ങിയത് കുറഞ്ഞവിലയ്ക്കാണെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മസാല ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് താന്‍ ആവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബാധ്യതയുള്ളതുകൊണ്ടാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തോമസ് ഐസക് സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണ്. തനിക്ക് വിവരമില്ലെന്നും രാജ്യദ്രോഹിയാണെന്നുമൊക്കെയാണ് പറയുന്നത്. മറ്റുള്ളവരെല്ലാം മണ്ടന്മാരാണെന്ന രീതിയിലാണ് ധനമന്ത്രി പ്രവര്‍ത്തിക്കുന്നത്. ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് സമ്പൂര്‍ണ പരാജയമാണ്. കയറില്‍ പി.എച്ച്.ഡിയുള്ള ഐസക് ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദമുള്ള തന്നെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."