ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം: വെള്ളമെത്തിക്കുന്നത് ടാങ്കര്‍ലോറികളില്‍
കുറ്റ്യാടി: പുഴകളും തോടുകളും കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും വറ്റിവരണ്ടതോടെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പുഴകളിലും തോടുകളിലും തടയണ കെട്ടി വെള്ളം സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തകൃതിയായിരുന്നെങ്കിലും പുഴവെള്ളം കുറഞ്ഞതോടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
മലയോരങ്ങളില്‍ നിന്നുള്ള നീര്‍ച്ചാലുകളും കൈത്തോടുകളും അരുവികളും ജലസമ്പന്നമാക്കിയ തൊട്ടില്‍പ്പാലം, കുറ്റ്യാടി പുഴകള്‍ പലസ്ഥലങ്ങളിലും വറ്റിവരണ്ട നിലയിലാണ്. കുറ്റ്യാടി കനാലില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ പല പ്രദേശങ്ങള്‍ക്കും ആശ്രയം. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ കനാല്‍ വഴിയുള്ള ജലവിതരണവും ഏതു നിമിഷവും നിലയ്ക്കുന്ന സ്ഥിതിയാണ്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കനാല്‍ജലവും ലഭിക്കാത്ത സ്ഥിതിയാണ്. കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളായ വേളം, മണിമല, കാവിലുംപാറയിലെ കരിങ്ങാട്, മുണ്ടിയോട് തുടങ്ങിയ പ്രദേശങ്ങളിലാണ്.
കൊയ്യംപാറ, പശുക്കടവ്, അടുക്കത്ത് തുടങ്ങി മിക്ക ഭാഗങ്ങളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. അതിനിടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നടപ്പാക്കിയ കുന്നുമ്മല്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുള്‍പ്പെടെ പലതും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. കുടിവെള്ളത്തിന് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളെ ആശ്രയിക്കുന്ന കുടുംബങ്ങളും കഷ്ടപ്പെടുകയാണ്.
രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് ഇവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. അതിനിടെ ജലക്ഷാമത്തിനു ഒരു പരിധിവരെ തടയിടാന്‍ ഉള്‍നാടുകളില്‍ ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."