HOME
DETAILS

ഇടുക്കി പദ്ധതിക്ക് പിന്നില്‍ ബാബുപോളിന്റെ ഇച്ഛാശക്തി

  
backup
April 13 2019 | 19:04 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

 


തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററായി ഡോ. ഡി. ബാബുപോളിനെ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ നിയമിച്ചത് സീനിയോരിറ്റി മറികടന്ന്.


ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതിയായ ഇടുക്കി, പാതിവഴിയില്‍ മുടങ്ങുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് സി.അച്യുതമേനോന്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തത്. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ കാളീശ്വരന്‍, രാമുണ്ണി മേനോന്‍, എസ്. പത്മകുമാര്‍ എന്നീ പേരുകളാണ് മന്ത്രിസഭയുടെ മുന്നില്‍ എത്തിയത്. എന്നാല്‍, അച്യുതമേനോന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി കെ.പി.കെ മേനോന്‍ സിവില്‍ എന്‍ജിനിയര്‍ കൂടിയായ യുവ ഐ.എ.എസ് ഓഫിസര്‍ ബാബുപോളിന്റെ പേര് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.


അന്ന് ബാബുപോള്‍ പാലക്കാട് കലക്ടറാണ്. ബാബുപോളിന് സ്‌പെഷല്‍ മജിസ്‌ട്രേറ്റിന്റെ പദവിയും നല്‍കി. അച്യുതമേനോന്റെ തീരുമാനം ഉചിതമായിരുന്നുവെന്ന് കാലംതെളിയിച്ചു. പട്ടാളത്തിന് കൈമാറാതെ ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്നായിരുന്നു 1971ല്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച കേന്ദ്ര ഊര്‍ജ മന്ത്രി കെ.എന്‍ റാവുവിന്റെ റിപ്പോര്‍ട്ട്.


ബാബുപോളിന്റെ നിയമനം വൈദ്യുതി ബോര്‍ഡിലും വന്‍ പൊട്ടിത്തെറിയുണ്ടാക്കി. അന്നത്തെ ചീഫ് എന്‍ജിനിയര്‍ കെ.വി കൊച്ചനിയന്റെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാരുടെ സംഘം ബോര്‍ഡ് ചെയര്‍മാന്‍ വി. രാമചന്ദ്രനെ സന്ദര്‍ശിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
വൈദ്യുതി ബോര്‍ഡില്‍ പ്രമുഖരായ നിരവധി എന്‍ജിനിയര്‍മാര്‍ ഉണ്ടായിട്ടും ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഇടുക്കി പദ്ധതിയുടെ തലപ്പത്ത് നിയമിച്ചതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍, ബാബുപോളിന്റെ സാങ്കേതിക മികവും കര്‍മശേഷിയും സംഘാടക ചാതുര്യവും എതിരാളികളെപ്പോലും മിത്രങ്ങളാക്കി. പദ്ധതിക്കുവേണ്ടി ഒഴിപ്പിച്ചവരുടെ പുനരധിവാസവും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കലുമായിരുന്നു ആദ്യ വെല്ലുവിളി. പദ്ധതി മേഖലയിലെ തൊഴില്‍ സമരം അതിവിദഗ്ധമായി കൈകാര്യം ചെയ്തു. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന അയ്യപ്പന്‍ കോവിലിലെ ക്ഷേത്രം മാറ്റിസ്ഥാപിക്കല്‍ ഏറെ ക്ലേശകരമായിരുന്നുവെന്ന് ബാബു പോളിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മൂലമറ്റം സര്‍ക്യൂട്ട് ഹൗസിലെ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ ബെയ്‌സ് ക്യാംപ് ഓഫിസ് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തെ പ്രകാശിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഒന്നാമത്തെ ആര്‍ച്ച് ഡാം ഉയര്‍ന്നുവന്നു. ഇടുക്കി ജില്ലാ രൂപീകരണവുമായുള്ള ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ജില്ലാ കലക്ടറായി ബാബുപോളിന്റെ പേരല്ലാതെ മറ്റൊന്ന് അച്യുതമേനോന്റെ മനസിലുണ്ടായിരുന്നില്ല. 1972 ജനുവരി 25നാണ് ജില്ല രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ ചുമതലകള്‍ക്കുപുറമെ ജില്ലാ കലക്ടറായും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മൂലമറ്റത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് ബാബുപോളിന് കൈമാറിയത്. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. 25ന് വൈകിട്ട് കോട്ടയത്തെത്തി ജില്ലാ കലക്ടര്‍ രഘുനാഥനെയും കൂട്ടി യൂനിയന്‍ ക്ലബിനടുത്തുള്ള കെട്ടിടം ഇടുക്കി കലക്ടറേറ്റിനായി തെരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു. 26ന് വൈകിട്ട് നാലിന് കെട്ടിടത്തിന്റെ മുകളില്‍ കലക്ടര്‍ ബാബുപോള്‍ ദേശീയപതാക ഉയര്‍ത്തി രേഖകളില്‍ ഒപ്പുവച്ചു. അതോടെ ഇടുക്കി ജില്ല നിലവില്‍വന്നു. രണ്ടു വര്‍ഷത്തിന് ശേഷമാണ് കലക്ടറേറ്റ് ഇടുക്കിയിലേക്ക് മാറ്റിയത്. 1975 ഓഗസ്റ്റ് 20നാണ് ജില്ലാ കലക്ടറുടെ ചുമതല വിട്ടത്. മൂന്ന് വര്‍ഷവും 7 മാസവുമായിരുന്നു സേവന കാലാവധി. ഏറ്റവും കൂടുതല്‍ കാലം ഇടുക്കി കലക്ടറായി സേവനമനുഷ്ടിച്ചതും ബാബുപോളാണ്.


മലയാളിയുടെ വൈദ്യുതി സങ്കല്‍പമായ ഇടുക്കി പദ്ധതിക്ക് പിന്നില്‍ ബാബുപോളിന്റെ ഇച്ഛാശക്തി ചെറുതല്ല. ബാബുപോള്‍ ഇല്ലായിരുന്നുവെങ്കില്‍ പദ്ധതി ചുരുങ്ങിയത് മൂന്നുവര്‍ഷം കൂടി നീളുമായിരുന്നുവെന്ന് അന്ന് പ്രദ്ധതിപ്രദേശത്തെ അസി. എന്‍ജിനിയറും പിന്നീട് എക്‌സി. എന്‍ജിനിയറുമായി വിരമിച്ച കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.


പ്രമുഖര്‍ അനുശോചിച്ചു

തിരുവനന്തപുരം: ബാബുപോളിന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.

പിണറായി വിജയന്‍
സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനെയാണ് ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാമൂഹ്യപ്രതിബദ്ധതയോടെ പ്രധാന വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായതായും മുഖ്യമന്ത്രി പറഞ്ഞു.


പി. ശ്രീരാമകൃഷ്ണന്‍
വ്യക്തിജീവിതത്തിലും പൊതുമണ്ഡലത്തിലും ആത്മീയത അടയാളപ്പെടുത്തിയ ധന്യജീവിതമായിരുന്നു ബാബുപോളിന്റേതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രഗത്ഭനായ ഐ.എ.എസ് ഓഫിസര്‍, പ്രഭാഷകന്‍, കോളമിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ചിന്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.


രമേശ് ചെന്നിത്തല
ഔദ്യോഗികതലത്തിലും സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ബാബുപോളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


എം.പി അബ്ദുസ്സമദ് സമദാനി
കേരളത്തിന്റെ ഭരണനിര്‍വഹണ രംഗത്തും സാംസ്‌കാരികവും ധൈഷണികവുമായ മുന്നേറ്റത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. ബാബുപോളെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു.


വി.എം സുധീരന്‍
ബാബുപോളിന്റെ നിര്യാണത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ അനുശോചിച്ചു.
ഇടുക്കി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഇടുക്കി ജില്ലയുടെ വികസനത്തിനും ബാബുപോള്‍ വഹിച്ച പങ്ക് എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് സുധീരന്‍ പറഞ്ഞു.


എം.എ യൂസഫലി
ബാബുപോളിന്റെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലി അനുശോചിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന് വേണ്ടി തിരുവനന്തപുരം ലുലു ഗ്രൂപ്പ് ഡയരക്ടര്‍ ജോയ് ഷഠാനന്തന്‍ റീത്ത് സമര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  2 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  2 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

ഹിസ്ബുല്ല തലവൻ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago