പച്ചകണ്ടാല്‍ മുക്രയിടുന്ന വര്‍ഗീയക്കാളകള്‍
ഈയിടെ ഒരു ചാനല്‍ചര്‍ച്ചയില്‍ അവതാരകന്‍ ഒരു ബി.ജെ.പി സംസ്ഥാന നേതാവിനോടു ചോദിച്ചു,
''വയനാട്ടിലെ രാഹുലിന്റെ തെരഞ്ഞെടുപ്പു റാലി കണ്ടാല്‍ ആ പ്രദേശം പാകിസ്താനിലാണെന്നു തോന്നുമെന്ന് അമിത്ഷാ പറഞ്ഞതു വയനാട്ടുകാരെ അപമാനിക്കലല്ലേ,''
''അമിത്ഷാജി പറഞ്ഞതിലെന്താണു തെറ്റ്, രാഹുല്‍ മത്സരിക്കുന്നതു ലീഗിന്റെ കോട്ടയിലല്ലേ.'' ബി.ജെ.പി നേതാവിന്റെ മറുപടി.
''ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പാകിസ്താനിലെ പാര്‍ട്ടിയാണോ.'' അവതാരകന്‍ അടുത്ത ചോദ്യം.
''ഇന്ത്യാവിഭജനത്തിനു കാരണക്കാരായ പാര്‍ട്ടിയാണല്ലോ ലീഗ്.''
''വിഭജനവാദം ഉന്നയിച്ച ജിന്നയുടെ മുസ്‌ലിംലീഗും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഒന്നാണെന്നാണോ ബി.ജെ.പിയുടെ വാദം.''
''ജിന്നയുടെ പാര്‍ട്ടിയിലുണ്ടായിരുന്ന നേതാക്കള്‍ വിഭജനശേഷം 1948ല്‍ രൂപീകരിച്ചതാണല്ലോ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്. അതിന്റെ നേതാക്കളില്‍ ഒരാളായിരുന്ന സത്താര്‍ സേട്ട് പിന്നീട് പാകിസ്താനിലേയ്ക്കു പോകുകയും ചെയ്തല്ലോ.''
''ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പാക് അനുകൂല രാഷ്ട്രീയകക്ഷിയാണെന്നാണോ പറയുന്നത്.''
''അങ്ങനെയല്ല, അവരുടെ പതാകയും പാകിസ്താന്‍ പതാകയും ഒരുപോലെയല്ലേ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലേ.''
'' പച്ച പതാകകളെല്ലാം പാകിസ്താന്‍ പതാകയാണെന്നു നിങ്ങള്‍ വിധിച്ചാല്‍ അതു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ ഇവിടത്തെ ജനങ്ങള്‍ '', അവതാരകന്‍ ഇത്തിരി രോഷത്തോടെ ചോദിച്ചു.
ബി.ജെ.പി നേതാവില്‍ നിന്നു മറുപടിയുണ്ടായില്ല. അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞു. എന്നിട്ട് ഇങ്ങനെയൊരു ഉത്തരം നല്‍കി.
''രാഹുല്‍ ഗാന്ധിക്ക് മത്സരിക്കണമെങ്കില്‍ വേറെ എത്ര മണ്ഡലങ്ങളുണ്ട്. കേരളത്തില്‍തന്നെ അവര്‍ ഉറച്ച മണ്ഡലമായി കരുതുന്ന തിരുവനന്തപുരത്തു മത്സരിച്ചു കൂടേ. കോഴിക്കോട്ടോ കണ്ണൂരോ മത്സരിച്ചു കൂടേ. വയനാട്ടില്‍ ലീഗിന്റെ പോക്കറ്റിലൊളിച്ചു തന്നെ മത്സരിക്കണോ.''
അവതാരകന്‍ വിട്ടില്ല, ''വയനാട് ലീഗിന്റെ പോക്കറ്റാണെന്ന് താങ്കള്‍ എങ്ങനെയാണു പറഞ്ഞത്. ആ മണ്ഡലമുണ്ടായതു മുതല്‍ അവിടെ മത്സരിച്ചതും ജയിച്ചതും കോണ്‍ഗ്രസ്സുകാരനാണ്. തികച്ചും കോണ്‍ഗ്രസ്സിന്റെ മണ്ഡലമെന്നു കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ പാടില്ലെന്നു ശഠിക്കാന്‍ ബി.ജെ.പിക്ക് എന്തവകാശം.''
ഇനി പറഞ്ഞാല്‍ അബദ്ധമാകുമെന്നു കണ്ടാകണം നേതാവ് ചുവടു മാറ്റി, ''മത്സരിച്ചോട്ടെ, ആരു പറഞ്ഞു മത്സരിക്കേണ്ടെന്ന്.''
''പിന്നെന്തിന് വയനാടിനെ പാകിസ്താനെന്നു പറഞ്ഞ് അപമാനിച്ചു.''
''അമിത്ഷാജി വല്ലതും കണ്ടിട്ടുണ്ടാകും.''
''എന്തു കണ്ടിട്ടുണ്ടാകും.''
''വയനാട്ടിലെ റാലിയില്‍ നിറയെ പച്ചക്കൊടി വീശിയതു കണ്ട ആരെങ്കിലും ഇതു പാകിസ്താനാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടാകും.''
''അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ അതു തൊണ്ട തൊടാതെ വിഴുങ്ങുകയും ഇതേ രീതിയില്‍ പ്രസംഗിക്കുകയും ചെയ്യേണ്ടയാളാണോ ഉത്തരവാദിത്വപ്പെട്ടതെന്നു ജനം കരുതുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായ അമിത്ഷാ.''
ഈ ചോദ്യത്തിനും തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്കും ആ നേതാവു പറഞ്ഞ മറുപടി എത്തും പിടിയും കിട്ടാത്തതായിരുന്നു. അതിനെയെല്ലാം ഒറ്റവാക്കില്‍ 'ബബ്ബബ്ബബ്ബാ... ' എന്നു വിശേഷിപ്പിക്കാം.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കു പോലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത തരത്തിലുള്ള വര്‍ഗീയവും കുത്സിതവുമായ പ്രചാരണമാണു രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ നടക്കുന്നത്.
ചുവപ്പുകണ്ടണ്ടാലാണു കാളക്കൂറ്റനു കലികയറുകയെന്നാണു പറയുക. ഇവിടെയിപ്പോള്‍ പ്രേരണാകുമാരി മുതല്‍ യോഗി ആദിത്യനാഥും അമിത്ഷായും വരെയുള്ള ഉത്തരേന്ത്യന്‍ സംഘ്പരിവാറുകാര്‍ക്കു ഹാലിളകുന്നതു പച്ച കാണുമ്പോഴാണ്. ഉത്തരേന്ത്യയില്‍ മിക്കയിടത്തും കാവി പുതപ്പിക്കാനായ തങ്ങള്‍ക്കു പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ നാട്ടില്‍ പച്ചപിടിക്കാനാവാത്തതിനു കാരണം ഇവിടെ തഴച്ചുനില്‍ക്കുന്ന പച്ചയാണെന്ന തിരിച്ചറിവാണ് ഈ ആരോപണത്തിനു പിന്നില്‍.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ബോംബാണത്. പണ്ട്, വാജ്‌പേയിയുടെയും അദ്വാനിയുടെയും കാലത്തു ബാബരി മസ്ജിദ് ഇടിച്ചു നിരത്തി രാമക്ഷേത്രം പണിയണമെന്ന ആവശ്യമുന്നയിച്ചു രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി അധികാരം പിടിച്ചെടുത്തപോലൊരു ആയുധം.
അമിത്ഷായുടെ പ്രസ്താവന വയനാടിനെയും മലയാളികളെയും അപമാനിക്കുന്നതാണെന്നു പറഞ്ഞു നാം രോഷം കൊള്ളുകയും ഉത്തരേന്ത്യന്‍ ബി.ജെ.പി നേതാക്കന്മാരുടെ വിവരക്കേടാണ് അതെന്ന് ആശ്വാസം കൊള്ളുകയും ചെയ്യുമ്പോള്‍ വലിയൊരു രാഷ്ട്രീയക്കൊയ്ത്താണ് ആ പ്രസ്താവനയിലൂടെ ബി.ജെ.പി ഉത്തരേന്ത്യയില്‍ നടത്താന്‍ ശ്രമിക്കുന്നതെന്നു കാണാതെ പോകുകയാണു ചെയ്യുന്നത്.
ഒരു പ്രശ്‌നവുമില്ലാതെ സ്വസ്ഥമായിരുന്ന ശബരിമലയെ ഏറ്റവും ഭീകരമായ രാഷ്ട്രീയായുധമാക്കാന്‍ വിത്തുപാകിയത് ആരാണ്. സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത് സംഘ്പരിവാറിന്റെ ഭാഗമായ പ്രേരണാകുമാരിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ്. പന്ത്രണ്ടു കൊല്ലം നടന്ന കേസില്‍ ഒരിക്കല്‍പ്പോലും സംഘ്പരിവാര്‍ ആ ഹരജി ഹിന്ദുവിരുദ്ധമാണെന്നോ വിശ്വാസി വിരുദ്ധമാണെന്നോ ആരോപിച്ചു കക്ഷി ചേര്‍ന്നിട്ടില്ല. മറിച്ച്, ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയിലുള്‍പ്പെടെ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടു ലേഖനങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയുമാണ് ആര്‍.എസ്.എസ്സിലെ രണ്ടാമനായ സുരേഷ് ജോഷിയുള്‍പ്പെടെയുള്ളവര്‍ ചെയ്തത്. എന്നിട്ടും, കോടതി വിധി വന്നപ്പോള്‍ തന്ത്രപരമായി നേട്ടം കൊയ്തത് ആരാണ്.
പ്രേരണാകുമാരി പിന്നീട് പ്രത്യക്ഷപ്പെടുന്നതു വയനാട്ടിലെ പാകിസ്താന്‍ പതാക ആരോപണവുമായി സാമൂഹ്യമാധ്യമത്തിലാണ്. അതിനു പിന്നാലെ ഒട്ടേറെ പേര്‍ വന്നു. ഏറ്റവുമൊടുവില്‍ യോഗി ആദിത്യനാഥും ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റായ അമിത്ഷായും ആ ആയുധം ഏറ്റെടുത്തു. അത് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെക്കുറിച്ചും അവരുടെ പതാകയുടെ നിറത്തെക്കുറിച്ചുമുള്ള അജ്ഞത മൂലമാണെന്നു കരുതി തള്ളിക്കളയാനാകുമോ.
അമിത്ഷായുടെയും യോഗിയുടെയും പ്രസ്താവന വയനാട്ടില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നുറപ്പ്. അതൊരു പക്ഷേ, യു.ഡി.എഫിന്റെ സാധ്യത കുറേക്കൂടി വര്‍ധിപ്പിക്കുയേയുള്ളൂ. രാഹുലിനുവേണ്ടി ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ അതു ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയേക്കാം.
ഉത്തരേന്ത്യയില്‍ അതല്ല സ്ഥിതി. പൊതുവേ വര്‍ഗീയത കുത്തിവച്ചു വിഭജിച്ചു കഴിഞ്ഞ ഉത്തരേന്ത്യന്‍ മനസ്സുകളില്‍ പാക് വിരോധത്തിന്റെ വിഷം കൂടി പരമാവധി ആഞ്ഞു പതിപ്പിച്ചു വോട്ടു നേടാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തെ മോദിസേനയായി ചുരുക്കിക്കെട്ടുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
ഇതിനിടയിലാണ്, വയനാട്ടിലെ യു.ഡി.എഫ് റാലിയില്‍ ഉയര്‍ന്ന മുസ്‌ലിംലീഗ് പതാക പാക് പതാകയായി അവതരിപ്പിക്കപ്പെടുന്നത്.
വളരെ മിതമായ ഭാഷയില്‍ പറയട്ടെ, ഇത് അങ്ങേയറ്റം തരംതാണ രാഷ്ട്രീയകുതന്ത്രമാണ്.
ഇന്ത്യയിലെ വോട്ടര്‍മാരുടെ മനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിവച്ച്, പച്ച കാട്ടി വിറളിയെടുപ്പിക്കലാണ് ഇതിനു കരുനീക്കുന്നവരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."