കച്ചമുറുക്കി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍; ലക്ഷ്യം ഹൈക്കമാന്‍ഡിനെതിരേ അങ്കം
തിരുവനന്തപുരം: പലകുറി പറഞ്ഞിട്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിട്ടും സാധ്യമാകാതിരുന്ന നേതൃമാറ്റവും അഴിച്ചുപണിയുമെന്ന ആവശ്യം നിയമസഭാ സമ്മേളനം കഴിഞ്ഞ് ശക്തമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കകത്ത് ധാരണ.
കനത്ത പരാജയത്തിനു ശേഷവും സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച ഹൈക്കമാന്‍ഡ് നിലപാടും ഭരണപരാജയമാണ് തോല്‍വിക്കു കാരണമെന്ന വിലയിരുത്തലും ഗ്രൂപ്പുകള്‍ക്കതീതമായ ഐക്യമാണ് കോണ്‍ഗ്രസിലുണ്ടാക്കിയതെന്നാണ് സൂചന.
അതുകൊണ്ടു തന്നെ വി.എം.സുധീരനതിരേ ഏതറ്റവും വരെയും ഐക്യത്തോടെ നീങ്ങാന്‍ തന്നെയാണ് അണിയറയില്‍ ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയെന്നറിയുന്നു.
ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാക്കളും എം.എല്‍.എ മാരും ബജറ്റ് സമ്മേളനത്തിരക്കിലായിരുന്നു. സഭാസമ്മേളനത്തിന്റെ ഇടവേളയ്ക്കിടെയാണ് കഴിഞ്ഞദിവസം കടുത്ത ഭാഷയില്‍ കെ.മുരളീധരനും ഒപ്പം വി.ഡി.സതീശനും സംസ്ഥാനനേതൃത്വത്തെ വിര്‍ശിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത്് നിന്നു വി.എം.സുധീരന്‍ മാറണമെന്ന വ്യക്തമായ സൂചന തന്നെയാണ് ഇരുവരും നല്‍കിയത്. കുറ്റിച്ചൂലുകളെ സ്ഥാനാര്‍ഥികളാക്കി പരാജയമേറ്റുവാങ്ങി എന്ന ആരോപണത്തിന് പുറമേ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുറത്ത് സമരം നടത്താന്‍ കാശ് കൊടുത്താല്‍ പോലും ആളെ കിട്ടാതായി എന്ന ഗൗരവതരമായ ആരോപണവുമുണ്ടായി.
പരസ്യപ്രസ്താവനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന കര്‍ശന നിലപാട് പലവട്ടം ആവര്‍ത്തിച്ച സുധീരന്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ എന്തെങ്കിലും പ്രതികരിക്കാനോ തയാറായില്ല. ഹൈക്കമാന്‍ഡിന്റെ, പ്രധാനമായും രാഹുല്‍ഗാന്ധിയുടെ പൂര്‍ണ പിന്തുണ കിട്ടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഇപ്പോഴത്തെ സങ്കീര്‍ണമായ രാഷ്ട്രീയസാഹചര്യത്തില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് സുധീരന്‍.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരന്‍ മാറണമെന്ന കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരേ നിലപാടിലാണ്. എന്നാല്‍ പകരം ആര് എന്ന കാര്യത്തില്‍ സമവായമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് വിട്ടുകൊടുത്തതിനാല്‍ സ്വാഭാവികമായും പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ആവശ്യപ്പെടാം.
നേരത്തേ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറിയപ്പോള്‍ പകരക്കാരനായി രമേശ് ചെന്നിത്തലയുടെ പേര് മാത്രമേ ഉണ്ടാകൂ എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കെ.മുരളീധരന്റേയും വി.ഡി.സതീശന്റേയും പേരുകള്‍ ഉയര്‍ന്നു വന്നു. ഐ ഗ്രൂപ്പിനുള്ളില്‍ ചില്ലറ ചേരിതിരിവുകള്‍ക്ക് ഇത് വഴിവച്ചിരുന്നു. ഉമ്മന്‍ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തി ആന്റണിയുടെ ആശീര്‍വാദത്തോടെയാണു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത്്.
പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ നടന്ന ഡല്‍ഹി ചര്‍ച്ചകളില്‍ അന്‍പതോളം സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഇവരുടേതായ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ സംസ്ഥാന നേതൃത്വം തുടരട്ടെ എന്ന രീതിയില്‍ അഴിച്ചുപണി ആവശ്യം നിരാകരിക്കുകയായിരുന്നു ദേശീയനേതൃത്വമെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നത്.
സുധീരന്‍ അനുകൂലികളായ ചിലര്‍ സംസ്ഥാനത്തെ സംഭവവികാസങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ രാഹുല്‍ഗാന്ധിയെ ധരിപ്പിക്കുന്നുവെന്നും ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ക്കായില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ സുധീരന്‍ അനുകൂലികള്‍ക്കായി. ആന്റണിയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നിലപാടെടുത്തത് സുധീരന് തുണയായി.
സമവായത്തിന്റെ പാത വശമില്ലാത്ത സുധീരന്‍ ഇനിയും നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും പാര്‍ട്ടി തകര്‍ച്ചയില്‍ നിന്ന് കരകയറണമെങ്കില്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടു പോകാന്‍ പറ്റിയൊരാള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരണമെന്നുള്ള ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം.
വേണ്ടിവന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പേര് തന്നെ നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."