ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങള്‍ വിവരിച്ച് ശശി
കക്കട്ടില്‍: നാട്ടില്‍ താമസിക്കാന്‍ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തതിനാല്‍ ഉറിതൂക്കി മലയില്‍ കൂരകെട്ടി താമസം തുടങ്ങിയ ശശിക്കും കുടുംബത്തിനും ഉറക്കമില്ലാത്ത രാപ്പകലുകള്‍.
കര്‍ഷകനായ ശശിയും ഭാര്യ ശോഭയും ഉറിതൂക്കി മലയില്‍ പലരുടെയും സ്ഥലങ്ങളിലായി വാഴകൃഷിയും മറ്റും ചെയ്തു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം അര്‍ധരാത്രി തങ്ങള്‍ കഠിനാധ്വാനം ചെയ്തു നട്ടുവളര്‍ത്തിയ വാഴകള്‍ പിടിച്ചുപറിക്കുന്ന ശബ്ദം കേട്ടത്. ശശിയും ശോഭയും ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് ദയനീയ കാഴ്ചയായിരുന്നു.
ദിവസങ്ങളോളം മണ്ണില്‍ ഉഴുതുമറിച്ച് വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത പാകമായ വാഴകള്‍ തകര്‍ത്തെറിയുന്ന കാട്ടാനകള്‍...
കുലച്ച് പാകമായ വാഴകള്‍ മുഴുവനും തിന്നുനശിപ്പിച്ച കാട്ടാനകള്‍ക്കു നേരെ ടോര്‍ച്ചടിച്ചതും ആനകള്‍ മുന്നേട്ടു നീങ്ങി. ഭയന്നു വിറച്ച ശശിയും ശോഭയും വീടിനുള്ളിലേക്കു കയറി. മുന്നോട്ടു വന്ന ആനയും കുട്ടിയും പിന്നീട് ശശിയുടെ വീട്ടുമുറ്റത്താണ് വന്നുനിന്നത്.
ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങള്‍ ശശിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ശശി പറയുന്നു.
കാട്ടാനയുടെ അക്രമത്തില്‍ പലതവണയായി കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ഉണ്ടാവുന്നത് ആദ്യമായാണ്. ജീവന് ഭീഷണിയായതോടെ മലയോരത്ത് കാര്‍ഷിക മേഖലയില്‍ കൃഷി ചെയ്തു കഴിയുന്ന ഈ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ഏതു സമയത്തും കാട്ടാനകള്‍ ഇറങ്ങുമെന്ന ഭീതിയുള്ളതിനാല്‍ കൊച്ചുകൂരക്കുള്ളില്‍ എങ്ങിനെ കഴിയുമെന്ന ആശങ്കയിലാണ് ശശിയും ഭാര്യ ശോഭയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."